വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ഇനി പിഴപലിശ വാങ്ങേണ്ടെന്ന് ആര്‍.ബി.ഐ; നിശ്ചിത പിഴ തുക മാത്രം വാങ്ങിയാല്‍ മതി

Share our post

വായ്പാ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോള്‍ പറഞ്ഞ നിബന്ധനകള്‍ കടം വാങ്ങുന്നയാള്‍ പാലിക്കാതിരിക്കുകയോ അതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകള്‍ക്കപ്പുറം പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍.ബി.ഐ പുറത്തിറക്കിയത്. 2024 ജനുവരി 1 മുതല്‍ ആയിരിക്കും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.

കടം വാങ്ങുന്നയാള്‍, വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന്, പിഴ ഈടാക്കിയാല്‍ അത് ‘പെനല്‍ ചാര്‍ജുകള്‍’ ആയി കണക്കാക്കും, ഇതിനു പലിശ ഈടാക്കില്ല. ലോണ്‍ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. പലിശ നിരക്കില്‍ കൂടുതലായി ഒന്നും ചേര്‍ക്കരുതെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആര്‍.ബി.ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ആര്‍.ബി.ഐയുടെ ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. വായ്പയുടെ പിഴ ചാര്‍ജുകള്‍ അല്ലെങ്കില്‍ സമാനമായ ചാര്‍ജുകള്‍ സംബന്ധിച്ച് ബോര്‍ഡ് അംഗീകൃത നയം രൂപീകരിക്കും. ലോണ്‍ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന് ന്യായമായതും ആനുപാതികവുമായിട്ടായിരിക്കും പിഴ ഈടാക്കുക.

വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കടം വാങ്ങുന്നവര്‍ക്ക് അയക്കണം. ആ സമയങ്ങളില്‍ പിഴയെ കുറിച്ചും പരാമര്‍ശിക്കണം.പിഴ ചാര്‍ജുകള്‍ ഈടാക്കുന്നതിന്റെ സന്ദര്‍ഭവും അതിന്റെ കാരണവും അറിയിക്കേണ്ടതാണ്.

എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കും ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!