ബാരാപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞു; വൈദ്യുതി ഉൽപാദനം പകുതിയിലും താഴെ

ഇരിട്ടി: മഴ ചതിച്ചു. ബാരാപ്പുഴയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതിനെ തുടർന്ന് ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ നിന്നുള്ള ഉൽപാദനം പകുതിയിലും താഴെ അളവ് മാത്രം. പ്രതിദിനം ശരാശരി 6.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഈ സമയം 5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളും പൂർണ അളവിൽ പ്രവർത്തിപ്പിച്ച് 15 മെഗാവാട്ട് വീതം ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഈ സ്ഥിതി. നീരൊഴുക്ക് കുറവായതിനാൽ 2 ജനറേറ്ററുകൾ മാത്രം 3.3 മെഗാവാട്ട് വീതം എന്ന കണക്കിലാണ് ഇപ്പോൾ ഉൽപാദനം.
ശക്തമായ തുലാമഴയോ ന്യൂനമർദമോ കനിഞ്ഞില്ലെങ്കിൽ പ്രഖ്യാപിത ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിക്കാനാകില്ലെന്ന ആശങ്കയിലാണ് അധികൃതർ.2021ൽ 49.83 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം നടത്താനായതാണു കൂടിയ റെക്കോർഡ്. ഇക്കുറി 50 ദശ ലക്ഷം യൂണിറ്റ് എന്ന ചരിത്ര നേട്ടം പ്രതീക്ഷിച്ച് മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും തുടക്കം മുതൽ പ്രതിസന്ധികൾ നേരിട്ടു.
സീസൺ തുടക്കത്തിൽ പരീക്ഷണ ഉൽപാദനം നടത്തിയപ്പോൾ കനാൽ ചോർച്ചയുണ്ടായി താഴ്‌വാരത്തുള്ള 3 വീടുകൾ ഭീഷണിയിലായി. ജനങ്ങൾ ഇതോടെ പ്രതിഷേധിച്ചു. ബോർഡ് മേധാവികൾ ഇടപെട്ട് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഉണ്ടാക്കി ജൂലൈ 6ന് വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചപ്പോഴേക്കും ഉൽപാദനത്തിന്റെ 20 ദിവസം നഷ്ടപ്പെട്ടിരുന്നു. പിന്നീട് മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിയാക്കി.
.പ്രതിദിനം ഉൽപാദിപ്പിക്കുന്ന വൈദ്യുതി: 6.6 മെഗാവാട്ട്
.16ന് രാത്രി വരെ ഉൽപാദിപ്പിച്ച വൈദ്യുതി: 11.86 ദശലക്ഷം യൂണിറ്റ്
.കഴിഞ്ഞ വർഷം ഈ സമയം ഉൽപാദിപ്പിച്ചത്: 18.97 ദശലക്ഷം യൂണിറ്റ്
.കഴിഞ്ഞ വർഷം ആകെ ഉൽപാദിപ്പിച്ച വൈദ്യുതി: 43.27 ദശലക്ഷം യൂണിറ്റ്