നീണ്ട കാത്തിരിപ്പിന് ശേഷം ചെറുവത്തൂരിൽ പരശുറാമിന്‌ സ്‌റ്റോപ്പ്‌

Share our post

ചെറുവത്തൂർ : നീണ്ട കാത്തിരിപ്പിന് ശേഷം ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷനിൽ പരശുറാം എക്‌സ്‌പ്രസിന്‌ സ്‌റ്റോപ്പ്‌ അനുവദിച്ചു. ചെറുവത്തൂരിലെ റെയിൽവെ സ്‌റ്റേഷനെ ആശ്രയിക്കുന്നവരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഇത്‌. ചെറുവത്തൂർ റെയിൽവെ വികസന സമിതി, പാസഞ്ചേഴ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിലും, ജനപ്രതിനിധികളും വിവിധ സംഘടനകളും ഈ ആവശ്യം വർഷങ്ങളായി ഉന്നയിച്ചിരുന്നു. 

ഇതിന്റെ ഭാഗമായി മുൻ എം.പി പി. കരുണാകരൻ നിരവധി ഇടപെടലുകൾ നടത്തി. ഇതിനായി പ്രത്യേക പ്രൊജക്ട്‌ തയാറാക്കി റെയിൽവെ മന്ത്രി, ഡി.ആർ.എം, റെയിൽവെ ജനറൽ മാനേജർ എന്നിവരെ നേരിട്ടുകണ്ട്‌ ബോധ്യപ്പെടുത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്‌തിരുന്നു. ആവശ്യം തത്വത്തിൽ അംഗീകരിക്കുകയും സ്‌റ്റോപ്പ്‌ അനുവദിക്കാമെന്ന്‌ ഉറപ്പും ലഭിച്ചിരുന്നു. പിന്നീട്‌ കോവിഡ്‌ വന്നതോടെ ഇത്‌ നടക്കാതെ പോയി. ഇവയെല്ലാം പരിഗണിച്ച്‌ ഇപ്പോൾ ചെറുവത്തൂരിൽ സ്‌റ്റോപ്പ്‌ അനുവദിക്കാനുള്ള ഉത്തരവ്‌ പുറത്തിറങ്ങി. എപ്പോഴാണ്‌ സ്‌റ്റോപ്പ്‌ നിലവിൽ വരിക എന്നത്‌ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. രാവിലെ 6.05നും രാത്രി 7.15നുമാണ്‌ ഈ ട്രെയിൻ ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷൻ കടന്നു പോകുന്നത്‌. 

വെസ്‌റ്റ്‌ കോസ്‌റ്റ്‌ നിർത്തുമോ??

കോവിഡിനുമുമ്പ്‌ ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷനിൽ നിർത്തിയിരുന്ന വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സപ്രസിന് ഇപ്പോൾ സ്‌റ്റോപ്പില്ല. മംഗളൂരുവിൽനിന്നും വരുന്ന രാത്രികാല യാത്രക്കാർക്ക്‌ ഏറെ പ്രയോജനം ചെയ്യുന്ന ട്രെയിനായിരുന്നു ഇത്‌. കോവിഡ്‌ മഹാമാരിക്ക്‌ ശേഷം സർവീസുകളെല്ലാം പുനസ്ഥാപിച്ചെങ്കിലും ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷനിലെ സ്‌റ്റോപ്പ്‌ പുനസ്ഥാപിച്ചിട്ടില്ല. ഇത്‌ പുനസ്ഥാപിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപ്പിലായിട്ടില്ല.    

പോരാട്ടത്തിന്റെ വിജയം

ചെറുവത്തൂരിൽ പരുശുറാം എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ച തീരുമാനം ആഹ്ളാദകരമെന്ന്‌ പാസഞ്ചേഴ്സ് ഫോറവും ചെറുവത്തൂർ റെയിൽവെ വികസന സമിതിയും. 

ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ചെറുവത്തൂരിൽ പരുശുറാം എക്‌സ്‌പ്രസിന്റെ സ്റ്റോപ്പിന് യാത്രക്കാരുടെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ചെറുവത്തൂർ റെയിൽവേ പാസഞ്ചേഴ്സ് ഫോറവും വികസന സമിതിയുമായിരുന്നു. യാത്രക്കാരുടെ ഒപ്പ് ശേഖരിച്ച് അധികൃതർക്ക് നിരവധി തവണ നിവേദനവും സമർപിച്ചിരുന്നു, ഇരുസംഘടനയുടെയും ഭാരവാഹികൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!