സ്വാതന്ത്ര്യസമരസേനാനികളുടെ ദുരിതജീവിതത്തിന്റെ കാഴ്ചയൊരുക്കി ജയിൽ പ്രദർശനം

കണ്ണൂർ : ബ്രട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമരസേനാനികൾ ജയിലിൽ അനുഭവിച്ച ദുരിതജീവിതത്തിന്റെ കാഴ്ചയൊരുക്കി കണ്ണൂർ സെൻട്രൽ ജയിൽ മ്യൂസിയ പ്രദർശനം. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ച കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലുകൾ പ്രദർശനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള പ്രദർശനം വ്യാഴാഴ്ച സമാപിക്കും.
പകർച്ചവ്യാധിക്കാലത്ത് ക്വാറന്റീൻ സെല്ലുകളായി പ്രവർത്തിച്ചതാണിത്. നാട്ടിൽ പടർന്നുപിടിച്ച വസൂരിരോഗബാധിതരായ സ്വാതന്ത്ര്യസമരസേനാനികളെ തലശ്ശേരിയിൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച് 40 ദിവസം ക്വാറന്റീനിൽ പാർപ്പിച്ച ശേഷമാണ് പ്രധാന ജയിലിലേക്ക് മാറ്റിയിരുന്നത്.
പ്രത്യേക ആകൃതിയിൽ പ്രത്യേക മിശ്രിതം ഉപയോഗിച്ച് കട്ടകൊണ്ട് നിർമിച്ച സെല്ലുകളിലാണ് സേനാനികളെ പാർപ്പിച്ചത്. താഴെയും മുകളിലുമായി 20 മുറികളുണ്ട്. തടവുകാർക്ക് കിടക്കാൻ ഒരടിപ്പൊക്കത്തിൽ കെട്ടിയ കട്ടകൊണ്ടുള്ള കട്ടിലുണ്ട്. പ്രാഥമികസൗകര്യത്തിന് സെല്ലിനകത്തുതന്നെ സംവിധാനമുണ്ട്. ഒരാളെ പാർപ്പിക്കാനുള്ള സെല്ലിൽ അഞ്ചുപേരെ പാർപ്പിക്കും.
രോഗം മൂർച്ഛിച്ചവരെ ബ്രട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നിരുന്നതായി ജയിൽ രേഖകളിൽ പറയുന്നു. ചരിത്രപരമായ പ്രത്യേകതയുള്ള ക്വാറന്റീൻ സെല്ലുകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിരവധി ചരിത്രരേഖകളും സെൻട്രൽ ജയിലിൽ ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയ റിപ്പർ ചന്ദ്രനെ തൂക്കാൻ ഉപയോഗിച്ച കയറും പ്രദർശനത്തിലുണ്ട്. വിദ്യാർഥികളടക്കം നിരവധി പേർ പ്രദർശനം കാണാനെത്തി.
നാലരപ്പതിറ്റാണ്ടിലും ഒളിമങ്ങാതെ പിണറായിയുടെ കത്ത്
47 വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് എഴുതിയ കത്ത് ഒളിമങ്ങാതെ ജയിൽരേഖയിലുണ്ട്. കത്ത് എഴുതിയ പേപ്പറിന്റെ ഇരുവശങ്ങളിലും ചുളിവുകൾ വന്നെങ്കിലും എഴുതിയ അക്ഷരങ്ങൾക്ക് ഒരു പോറലുമില്ല. അമ്മയുടെ ചികിത്സയ്ക്ക് പോകാനാണ് പരോൾ അനുവദിക്കാൻ ആവശ്യപ്പെട്ടത്. ഈ കത്തും പ്രദർശനത്തിലുണ്ട്.
ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറിക്ക് എഴുതിയ കത്തിന്റെ പൂർണ രൂപം:‘29.9.76-ന് ഞാൻ താങ്കൾക്ക് ഒരു അപേക്ഷ നൽകിയിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും എന്റെ സാന്നിധ്യം ആവശ്യമാണെന്നതുകൊണ്ടും രണ്ടാഴ്ചക്കാലത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 29.9.76-ന് ഒരു പെറ്റീഷൻ ഞാൻ അയച്ചിരുന്നു. ഇതുവരെ ഒരു പ്രതികരണവും അതിൻമേൽ ഉണ്ടായില്ല. അനുകൂലമായ തീരുമാനം അടിയന്തരമായും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി അഭ്യർഥിക്കുന്നു.’
1976 നവംബർ ഒൻപത് എന്ന് രേഖപ്പെടുത്തിയ കത്തിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മേൽവിലാസവും ഒപ്പും പതിച്ചിട്ടുണ്ട്.