വരുന്നു കണ്ണൂർ സയന്‍സ് പാര്‍ക്കിൽ ത്രീഡി ഷോ തീയറ്റര്‍
കണ്ണൂർ : ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ നിർമിക്കുന്ന ത്രീ ഡി ഷോ തീയറ്റർ ഈ മാസം അവസാനത്തോടെ പ്രവർത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ത്രീഡി കണ്ണടകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.
സയൻസ് പാർക്കിലെ ഒന്നാം നിലയിലാണ് തീയറ്റർ നിർമിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ഡയറക്ടറുടെ മുറി, ലൈബ്രറിയുടെ പുനർ നിർമാണം എന്നിവയും നടത്തി. 31 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനുതകുന്ന പ്രദർശനങ്ങളാണ് ത്രീ ഡി ഷോയിൽ ഉണ്ടാകുക. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി എ.വി. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.