ഉള്ളം നിറയും പൂച്ചിരി: ഓണനാളിനായി പൂവണിഞ്ഞ്‌ കണ്ണൂരിലെ പൂപ്പാടങ്ങൾ

Share our post

കൂത്തുപറമ്പ് : പടിവാതിലിലെത്തിയ ഓണനാളിനായി പൂവണിഞ്ഞ്‌ കണ്ണൂരിലെ പൂപ്പാടങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ “ഓണത്തിന് ഒരുകൊട്ട പൂവ്” പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് മാങ്ങാട്ടിടത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്‌ഘാടനം ചെയ്തു. 

പദ്ധതിയിൽ 500 പൂപ്പാടങ്ങളാണ് ഒരുങ്ങിയത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ലഭിച്ച 10,800 തൈകളും കൂത്തുപറമ്പ് ഹൈടെക് നഴ്‌സറി തയ്യാറാക്കിയ 2,000 തൈകളും ഉപയോഗിച്ച് മാങ്ങാട്ടിടത്ത് അഞ്ച് ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നിലം ഒരുക്കിയത്‌. പഞ്ചായത്തിലെ 17 ഗ്രൂപ്പുകൾക്കാണ് തൈകൾ വിതരണം ചെയ്തത്. ആറ് വ്യക്തികളും ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. 

 പൂക്കൾ കൂത്തുപറമ്പിലെ അഞ്ച് കേന്ദ്രം വഴിയും പഞ്ചായത്തിലെ മൂന്ന്‌ ആഴ്ചച്ച ന്തകൾ വഴിയും വിപണനം നടത്തും. പഞ്ചായത്തിൽ എല്ലാ വാർഡിലും ഓരോ ദിവസങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ വണ്ടിയിലും വിപണനം നടത്തും. രണ്ട് ടൺ പൂക്കൾ മാങ്ങാട്ടിടത്തുനിന്നുമാത്രം ഇത്തവണ ഓണവിപണിയിലെത്തും. 

മാങ്ങാട്ടിടം പഞ്ചായത്ത് പരിസരത്ത് നടന്ന വിളവെടുപ്പ് ചടങ്ങിൽ പ്രസിഡന്റ്‌ പി.സി. ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ബേബി റീന പദ്ധതി വിശദീകരിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ഷീല മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, എം. ഷീന, അബ്ദുൾ ഖാദർ, സി. മിനി, എൻ. ഷാജൻ, കർഷകരായ  ശ്രീനിവാസൻ, കെ.കെ. മനോജ്, പി. പ്രദീപൻ,എം. രാജീവൻ, കെ. അരവിന്ദാക്ഷൻ, എം. ശ്രീധരൻ, മാങ്ങാട്ടിടം കൃഷി ഓഫീസർ എ. സൗമ്യ, കൃഷി അസിസ്റ്റന്റ്‌ ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!