കോടതി ഭാഷയില്‍ ലിംഗ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

Share our post

കോടതി ഭാഷയില്‍ ലിംഗവിവേചനപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കി കൈ പുസ്തകമിറക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ലിംഗ സ്റ്റീരിയോടൈപ്പുകളെ ഒഴിവാക്കാന്‍ ‘ഹാന്‍ഡ്ബുക്ക് ഓണ്‍ കോംബാറ്റിംഗ് ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പ്‌സ്’ എന്ന പേരില്‍ കൈപ്പുസ്തകം തയ്യാറാക്കിയത്.

സുപ്രീം കോടതിയുടെ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ആന്‍ഡ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പദ്ധതി പ്രഖ്യാപിച്ചത്.

കോടതി ഉത്തരവുകളില്‍ ഒഴിവാക്കേണ്ട അനുചിതമായ ലിംഗപദവികള്‍, സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ തിരിച്ചറിയാനും മനസിലാക്കാനും ജഡ്ജിമാരെയും നിയമ സമൂഹത്തയും പാകപ്പെടുത്താനും വേണ്ടിയാണ് കൈപ്പുസ്തകം ഉപയോഗിക്കുന്നത്.

കൈപ്പുസ്തകത്തില്‍ ലിംഗപരമായി ശരിയല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങളുണ്ടാകും. അത്തരം പദങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ബദല്‍ പദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേശ്യ, ഫോഴ്‌സബിള്‍ റേപ്, ചൈല്‍ഡ് പ്രോസ്റ്റിറ്റിയൂട്ട്, അവിഹിതം, പ്രകോപന വസ്ത്രധാരണം, വീട്ടമ്മ, കരിയര്‍ വുമണ്‍, ഇന്ത്യന്‍/വിദേശ സ്ത്രീ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍ പറയുന്നു.

വാര്‍പ്പുമാതൃകകളെ തകര്‍ത്ത് ലിംഗനീതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്ത്രീകളെ മുന്‍വിധികളോടെ സമീപിക്കുന്ന പരാമര്‍ശങ്ങളെ കോടതിമുറികളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!