ഓണത്തിന് നാട്ടിലെത്തി മടങ്ങുന്ന പ്രവാസികൾ വലയും; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വർധിപ്പിച്ചു

Share our post

കോഴിക്കോട് : ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. ഈ മാസം 20 മുതൽ സെപ്തംബർ 10 വരെ സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വർദ്ധനവ് കൂടുതൽ.

മദ്ധ്യ വേനലവധിക്ക് അടച്ച യു.എ.ഇയിലെ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. മറ്റിടങ്ങളിൽ സെപ്തംബർ ഒന്നിനും. കുടുംബ സമേതം എത്തിയവർക്ക് തിരുവോണത്തിന് പിന്നാലെ മടങ്ങേണ്ടി വരും. ബഡ്ജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ നാലംഗ കുടുംബത്തിന് ജിദ്ദയിലെത്താൻ 1.80 ലക്ഷത്തോളം രൂപ വേണം.45,000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപ ചെലവാകുന്നിടത്താണിത്.

ദുബായിലേക്ക് പോകാൻ ഒന്നര ലക്ഷത്തോളം രൂപ ചെലവാകും. ഒരാൾക്ക് 33,000മുതൽ 35,000 രൂപ വരെയാണ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ ടിക്കറ്റ് ലഭിക്കാറുണ്ട്. നിലവിൽ വിദേശ വിമാന കമ്പനികളിൽ താരതമ്യേന കൂടിയ നിരക്കാണ്. സെപ്തംബ‌ർ 15നകം ഭൂരിഭാഗം പേരും ഗൾഫിൽ തിരിച്ചെത്തുമെന്നതിനാൽ ഇതിനു ശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറയും.

ഓണ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ഇടപെടണമെന്നാവശ്യപ്പെട്ട്കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്കാണെന്നാണ് കേന്ദ്രത്തിന്റെ മറുപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!