കണ്ണൂർ അത്താഴകുന്നിൽ പോലീസിനെ പൂട്ടിയിട്ട് ആക്രമിച്ച കേസ്: നാല് പേർ കൂടി പിടിയിൽ

കണ്ണൂർ: കണ്ണൂർ അത്താഴകുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്ത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.അത്താഴക്കുന്നിലെ ഒരു ക്ലബ്ബിൽ മദ്യപിക്കുകയായിരുന്ന യുവാക്കളെ സംശയാസ്‌പദമായ രീതിയിൽ കണ്ട പൊലീസ് ക്ലബിനകത്ത് കയറി ചോദ്യം ചെയ്തു.
ഇതോടെ വാക്കേറ്റമായി. ഈ സമയം ക്ലബ്ബിന് പുറത്തുണ്ടായ മറ്റൊരു യുവാവ് പുറത്തുനിന്ന് വാതിൽ പൂട്ടുകയായിരുന്നു.ഇതോടെ അകത്തുണ്ടായിരുന്ന സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ പൂട്ട് തകർത്താണ് പൊലീസുകാരെ പുറത്തിറക്കിയത്.
ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ സി. എച്ച് നസീബ് സി.പി.ഒ അനീസ് എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘത്തിലുണ്ടായിരുന്ന എസ്ഐ സവ്യ സച്ചി, സി.പി.ഒ സുമേഷ്, സുകേഷ് എന്നിവരെയും പ്രതികൾ ആക്രമിച്ചിരുന്നു. കുഞ്ഞിപ്പള്ളി സ്വദേശികളായ കെ അഖിലേഷ്, ടി അഭയ്, പി. എം അൻസീർ എന്നിവരെ സംഭവ സ്ഥലത്തു വച്ച് തന്നെ പൊലീസ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.