സ്വാതന്ത്ര്യ ദിനത്തിൽ ജ്യാമിതിയിൽ ത്രിവർണം

കണ്ണൂർ : സ്വാതന്ത്ര്യ ദിനത്തിൽ ഗണിതത്തിന്റെ സൗന്ദര്യമായ ജ്യാമിതിയിൽ ത്രിവർണം ഒരുക്കി കയരളം എ.യു.പി സ്കൂളിലെ വിദ്യാർഥികൾ. കുങ്കുമം, വെള്ള, പച്ച വർണങ്ങളിൽ കണക്കിന്റെ സങ്കീർണതകളെ വിദ്യാർഥികൾ വരയിലൂടെ മറികടക്കുന്നു. അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണയിലാണ് കടലാസുകളിൽ വിസ്മയം തീർത്തത്.
വർഷങ്ങളായി ഗണിതശാസ്ത്ര മേളകളിൽ ജോമട്രിക് പാറ്റേൺ മത്സരത്തിൽ മുൻനിരയിലാണ് ഇവിടുത്തെ വിദ്യാർഥികൾ. കുട്ടികളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കുക, വരയാനുള്ള വ്യത്യസ്ത തന്ത്രങ്ങൾ അറിയുക എന്നീ ഉദ്ദേശ്യത്തോടെ ജോമെട്രിക് പാറ്റേൺ രംഗത്ത് വിദഗ്‌ധനായ സഹദേവൻ സ്കൂളിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ഇത് കുട്ടികൾക്ക് പ്രചോദനമായി. വരകളും വർണങ്ങളും ചേർന്ന് വരുമ്പോഴുള്ള വിസ്മയക്കാഴ്ച കുട്ടികളെ അത്ഭുതപ്പെടുത്തി.
തളിപ്പറമ്പിൽ നടന്ന ടേണിങ് പോയിന്റ് എക്സ്പോയിൽ ‘നമ്മുടെ വരയും വർണവും’ എന്ന സ്റ്റാൾ എല്ലാവരുടെയും ശ്രദ്ധ നേടി. ഈ വർഷം ആദ്യം നടന്ന എസ്.ആർ.ജി മീറ്റിങ്ങിൽ ത്രിവർണം പരിപാടിയുടെ ആസൂത്രണം നടന്നു. മുഴുവൻ കുട്ടികളിലേക്കും ജ്യാമിതിയുടെ സൗന്ദര്യം എത്തിക്കുക, ഗണിതപഠനത്തിൽ താൽപര്യം വർധിപ്പിക്കുക, ഗണിതപഠനം രസകരമാക്കുക, തുടങ്ങിയ ഉദ്ദേശ്യങ്ങളോടുകൂടിയാണ് പ്രദർശനം സംഘടിപ്പിച്ചത്.
6, 7 ക്ലാസുകളിലെ മുഴുവൻ കുട്ടികളുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 3, 4, 5 ക്ലാസുകളിലെ കൊച്ചുകുട്ടികളും തങ്ങളുടെ പങ്കുവഹിച്ചിട്ടുണ്ട്. 180ഓളം ചാർട്ടുകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ദേശീയപതാകയുടെ നിറങ്ങൾ മാത്രമാണ് ‘ത്രിവർണം’ എന്ന ഈ പ്രദർശനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിരവധി രക്ഷിതാക്കളും ഈ പ്രദർശനത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നിരിക്കയാണ്. സ്കൂളിലെ അധ്യാപകനായ താജുദ്ദീൻ തയ്യാറാക്കിയ ത്രിവർണം ത്രഡ് പാറ്റേണും പ്രദർശിപ്പിക്കുന്നു.