ഒറ്റ ക്ലിക്കില്‍ കണ്ണൂരിനെ അറിയാന്‍ ‘വിവര സഞ്ചയിക’

Share our post

കണ്ണൂര്‍:ജില്ലയുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’ ഡാറ്റാ ബാങ്ക് ഡിസംബറില്‍ യാഥാര്‍ഥ്യമാകും. വിവര ശേഖരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ ഡാറ്റ ലഭ്യമാക്കാന്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ വീതവും ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരം 25 ലക്ഷം പേരാണ് ജില്ലയിലുള്ളത്. ഇവരുടെയും എട്ട് ലക്ഷത്തോളം കെട്ടിടങ്ങളുടെയും വിവരങ്ങളാണ് ശേഖരിക്കുക.

ഇതിനായി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സഹായത്തോടെയാണ് ആപ്ലിക്കേഷന്‍ തയ്യറാക്കിയത്. സെപ്തംബറില്‍ നാറാത്ത് പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ പൈലറ്റ് സര്‍വ്വേ നടത്തും.

നവംബറില്‍ മറ്റിടങ്ങളില്‍ സര്‍വ്വേ തുടങ്ങും. പരിശീലനം നേടിയ സംഘങ്ങളാണ് ഇതിനായി വീടുകളിലും കെട്ടിടങ്ങളിലുമെത്തുക. ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, വാടകക്ക് താമസിക്കുന്നവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് സര്‍വ്വേ നടത്തുക. തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, ലഭിക്കുന്ന ആനുകൂല്യങ്ങള്‍, രോഗങ്ങള്‍, വിദേശത്തുള്ളവര്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനൊപ്പം ലോക്കേഷനും ശേഖരിക്കും.

ഇത് പൂര്‍ത്തിയായാല്‍ ജില്ലയിലെ കെട്ടിടങ്ങളുടെ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിവര സഞ്ചയിക പോര്‍ട്ടലിലൂടെ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കും. പോര്‍ട്ടലില്‍ ലഭിക്കുന്ന മാപ്പിലൂടെ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍ തുടങ്ങി എല്ലാ കെട്ടിടങ്ങളുടെയും സ്ഥാനം ഉള്‍പ്പെടെ മനസിലാക്കാനാകും. സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങളാണ് ലഭ്യമാക്കുക.

ഓരോ അഞ്ച് വര്‍ഷത്തിലും ഇത് പുതുക്കും. ജില്ലാ ആസൂത്രണ സമിതിയുടെ സ്വപ്ന പദ്ധതിയാണ് ഇതെന്ന് ജില്ലാതല ചുമതലയുള്ള എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. വി പ്രേമരാജന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!