അടിപ്പാത വിഷയം വീണ്ടും പുകയുന്നു; മുഴപ്പിലങ്ങാട് മഠത്തിനും വേണമെന്ന് നാട്ടുകാർ

മുഴപ്പിലങ്ങാട് (കണ്ണൂർ): മുഴപ്പിലങ്ങാട് മഠത്തിനും അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് നിർമാണം തടഞ്ഞു. സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് നിർമാണം തടയാൻ രംഗത്തെത്തിയത്. സംഭവമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആളുകൾ പിരിഞ്ഞു പോകാൻ തയാറായില്ല.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഉദ്യോഗസ്ഥർ എത്തി വിഷയത്തിൽ തീരുമാനമാവാതെ പിൻമാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
നടാൽ മുതൽ മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗൺ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനത്തിന് തടസ്സമായ അടിപ്പാത വിഷയം പരിഹരിച്ച് റോഡ് നിർമാണം വേഗതയിൽ പുരോഗമിക്കുകയായിരുന്നു.
ഇതിനിടെയാണ് മുഴപ്പിലങ്ങാട് മഠത്തിനും അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ തെരുവിലിറങ്ങിയത്. എടക്കാട് അടിപ്പാതയുടെ നിർമാണം ആരംഭിക്കുകയും കുളം ബസാറിൽ തുടങ്ങാനിരിക്കെയുമാണ് വീണ്ടും അടിപ്പാത വിഷയം പുകഞ്ഞു വന്നത്. ഇത് നിർമാണം നടത്തുന്ന കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.