ഇനി പറന്നും പിടികൂടും! ഡ്രോൺ എ.ഐ ക്യാമറയ്ക്ക് ശുപാർശയുമായി മോട്ടോർ വാഹന വകുപ്പ്

Share our post

തിരുവനന്തപുരം: എ.ഐ ക്യാമറകൾക്ക് പുറമേ നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എ.ഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടോർ വാഹന വകുപ്പ്. ഒരു ജില്ലയിൽ പത്ത് ഡ്രോൺ ക്യാമറകൾക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. 400 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.ക്യാമറകൾ ഉള്ള സ്ഥലത്ത് മാത്രം വാഹനയാത്രക്കാർ നിയമം പാലിക്കുന്നതും ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ പദ്ധതിയ്ക്ക് എം. വി. ഡി ശുപാർശ മുന്നോട്ടുവച്ചത്.

ഒരു ജില്ലയിൽ പത്ത് ഡ്രോൺ ക്യാമറകളെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ. ഡ്രോണിൽ സ്ഥാപിക്കുന്ന ഒരു ക്യാമറയിൽ തന്നെ വിവിധ നിയമലംഘനങ്ങൾ പിടികൂടാൻ സാധിക്കുന്ന രീതിയിലാവും സംവിധാനം ഒരുക്കുക.സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 എ. ഐ ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്.

ക്യാമറകൾ 24 മണിക്കൂറും പ്രവ‌ർത്തിക്കും. ക്യാമറകൾ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏഴ് കുറ്റങ്ങൾക്കാണ് പിഴ ചുമത്തുന്നത്.

1.ഹെൽമെറ്റ് ധരിക്കാതിരിക്കൽ (₹500)

2.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (₹500)

3.മൊബൈൽ ഫോൺ ഉപയോഗം (₹ 2000)

4.റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ (₹1000)

5.ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര (₹1000)

6. അമിതവേഗം (₹1500)7.അപകടകരമായ പാർക്കിംഗ്‌ (₹250)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!