കിളിമഞ്ചാരോയിൽ ഇന്ത്യൻ പതാക പാറിച്ച് ഇരിട്ടി സ്വദേശി

ഇരിട്ടി: കിളിമഞ്ചാരോ പർവതത്തിൽ ഇന്ത്യൻ പതാക പാറിച്ച് ഇരിട്ടി സ്വദേശി അഭിലാഷ് മാത്യു. ലോകത്തിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ.
ഇരിട്ടി കീഴ്പ്പള്ളിക്ക് സമീപം അത്തിക്കലിലെ താമസക്കാരനായ അഭിലാഷ് 12 വർഷമായി സൗദി അറേബ്യയിൽ ഐ.ടി ജീവനക്കാരനാണ്.
സൗദി അറേബ്യൻ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ കൂടിയായ അഭിലാഷ് മാത്യു കിളിമഞ്ചാരോയുടെ നെറുകയിൽ ഇന്ത്യൻ പതാകയും സൗദി അറേബ്യൻ പതാകയും മമ്മൂട്ടി ഫാൻസ് സൗദി അറേബ്യയുടെ പതാകയും നാട്ടി.
സമുദ്രനിരപ്പിൽനിന്ന് 1800 മീറ്റർ ഉയരമുള്ള മച്ചാമെ ഗേറ്റിൽനിന്നു ജൂലൈ 15ന് ആയിരുന്നു യാത്രയുടെ തുടക്കം. 18ന് ലക്ഷ്യത്തിലെത്തി.
ഓക്സിജന്റെ അളവ് 50% താഴെ ആയത് കൊണ്ട് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള പർവതത്തിന് മുകളിൽ പരമാവധി ചെലവഴിക്കാൻ കഴിയുന്നത് 15 മിനിറ്റ് മാത്രമാണ്. രാത്രി താപനില മൈനസിലേക്ക് കൂപ്പുകുത്തും.