വിദ്വേഷപ്രസംഗങ്ങൾ അംഗീകരിക്കാനാകില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ഹരിയാനയിലെ നൂഹ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗത്തെ ബഹിഷ്കരിക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നൂഹിലെ കലാപക്കേസുകളുടെ അന്വേഷണങ്ങൾക്ക് ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി വേണമെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭാട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വർഗീയ കലാപത്തെത്തുടർന്ന് മുസ്ലിംകളെ ബഹിഷ്കരിക്കാനും അകറ്റിനിർത്താനുമുള്ള ആഹ്വാനങ്ങൾക്കെതിരേ നടപടി വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അകറ്റിനിർത്തണമെന്നും സാമൂഹികവും സാന്പത്തികവുമായി ബഹിഷ്കരിക്കണമെന്നും ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഹിന്ദു മഹാപഞ്ചായത്ത് നടത്തിയ റാലിയിൽ ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടിന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോയെ അടിസ്ഥാനപ്പെടുത്തി ഷഹീൻ അബ്ദുള്ള എന്നയാളാണു ഹർജി സമർപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരം വിദ്വേഷ ആഹ്വാനങ്ങൾ നടക്കുന്നതെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ഇത്തരത്തിലുള്ള പ്രസംഗങ്ങളും ആഹ്വാനങ്ങളും ഒരു പ്രദേശത്ത് മാത്രം പരിമിതപ്പെടുന്നില്ലെന്നും ഇത്തരത്തിലുള്ള റാലികൾ രാജ്യത്തുടനീളം സാമുദായിക സംഘർഷങ്ങൾ നടക്കുന്നതിനു കാരണമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.