തകർന്നടിഞ്ഞ് ഗർത്തങ്ങളായി: അടക്കാത്തോട് കേളകം റോഡിൽ ദുരിതയാത്ര

കേളകം: വർഷങ്ങളായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്ന അടക്കാത്തോട് കേളകം പാതയുടെ വിവിധ ഭാഗങ്ങൾ തകർന്നടിഞ്ഞു ഗർത്തങ്ങൾ ആയി കിടക്കുകയാണ്. പാറത്തോട് വാട്ടർ ടാങ്കിന് സമീപം പാതയുടെ 50 മീറ്ററോളം ഭാഗം തകർന്നു ഗർത്തങ്ങൾ ആയി ചെളിക്കുളമായിട്ടും അടിയന്തരമായി കുഴിയടയ്ക്കാൻ ഉള്ള നടപടികൾ പോലും പൊതുമരാമത്ത് അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കേളകം ടൗൺ മുതൽ ഇല്ലിമുക്ക് വരെ മെക്കാഡം ടാറിങ് പ്രവർത്തി ആരംഭിച്ചെങ്കിലും നടപ്പായില്ല. ഇതിനിടെ വാട്ടർ അതോറിറ്റി നടത്തിയ പൈപ്പിടൽ യാത്രക്കാർക്ക് കൂനിന്മേൽ കുരു പോലെയായത് മാത്രമല്ല രണ്ടുകിലോമീറ്റർ പാതയോരം ഇന്നും കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിലായി.
പാതയുടെ നവീകരണം സമയബന്ധിതമായി നടപ്പാക്കുകയും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുകയും വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം .