പ്രതിഷേധം ഫലം കണ്ടു; പാലക്കയംതട്ടില്‍ പ്രവേശന സമയം നീട്ടി

ശ്രീകണ്ഠപുരം: വ്യാപക പ്രതിഷേധം ഉയർന്നതിനിടെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടിലേക്കുള്ള സഞ്ചാരികളുടെ വൈകുന്നേരത്തെ പ്രവേശന സമയം നീട്ടി. വൈകീട്ട് ഏഴു വരെയായാണ് സമയം നീട്ടിയത്. ഡി.ടി.പി.സിയുടെ കീഴിലാണ് പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത്. രാത്രി പത്ത് വരെയുണ്ടായിരുന്ന പ്രവേശന സമയം വൈകീട്ട് അഞ്ച് ആയി കുറച്ചത് സഞ്ചാരികളില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘ന്യൂസ് ഹണ്ട് ഓൺലൈനിൽ’ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം കാണാന്‍ കഴിയുന്ന വിധത്തില്‍ സമയം രണ്ടു മണിക്കൂർകൂടി നീട്ടിനൽകിയത്.
വെളിച്ചത്തിന്റെ പ്രശ്നമുള്ള സാഹചര്യത്തിലാണ് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് പ്രവേശന സമയത്തില്‍ നേരത്തേ മാറ്റം വരുത്തിയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പാലക്കയംതട്ടില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചുവരുകയാണ്.