ഹൈടെക്കാണ്‌ ശ്രീകണ്‌ഠപുരം കാഞ്ഞിലേരിയിലെ കള്ളുഷാപ്പ്‌

Share our post

കണ്ണൂർ: കള്ള്‌ ഷാപ്പിൽ പോകുന്നവരെല്ലാം കള്ളുകുടിക്കുമോ. ചോദ്യത്തിനുത്തരം കിട്ടാൻ ശ്രീകണ്‌ഠപുരം കാഞ്ഞിലേരിയിലെ കള്ളുഷാപ്പിലേക്ക്‌ വന്നാൽ മതി. ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയ ഈ ഹൈടെക്‌ കള്ളുഷാപ്പിന്‌ സമൂഹമാധ്യമങ്ങളിലും ആരാധകരേറെ.

കേരളത്തിന്റെ തനത്‌ രുചിയുള്ള ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാക്കുന്ന സ്ഥാപനങ്ങളാക്കി കള്ളുഷാപ്പുകളെ മാറ്റുന്ന സർക്കാരിന്റെ പുതിയ മദ്യനയത്തിന്‌ മുന്നേ ഹൈടെക്കായിരുന്നു കാഞ്ഞിലേരി കള്ളുഷാപ്പ്‌. രുചിക്കൂട്ടിന്റെ പര്യായമായ ‘ചാക്കണ’യുടെ വൈവിധ്യമാണ്‌ ഈ ഷാപ്പിനെ വ്യത്യസ്‌തമാക്കുന്നത്‌. പരമ്പരാഗത രീതികളിൽനിന്ന്‌ വേറിട്ട്‌ നിൽക്കുന്നവെന്നതാണ്‌ കാഞ്ഞിലേരിയിലെ ഷാപ്പിന്റെ പ്രത്യേകത.

വൃത്തിയും വെടിപ്പും ആധുനിക സൗകര്യമുള്ള കെട്ടിടവും ഷാപ്പിനെ ആകർഷകമാക്കുന്നു. സീസൺ സമയത്ത്‌ 26 വിഭവങ്ങളാൽ ഇവിടുത്തെ ‘ചാക്കണ’ സമൃദ്ധമാണ്‌. ചിക്കൻ, പന്നി, ബീഫ്‌, ഞണ്ട്‌, ചെമ്മീൻ, കൂന്തൽ എന്നിവ സ്ഥിരം വിഭവങ്ങളാണ്‌. ഞായറാഴ്‌ചകളിൽ ആട്ടിൻതല, ആട്ടിൻ ബോട്ടി, ആട്ടിൻ കരൾ, ബീഫ്‌ കരൾ എന്നിവ നൽകുന്നു. അയല, കരിമീൻ എന്നിവ ഉൾപ്പെടെ മിക്ക മത്സ്യങ്ങളും വറുത്തതും പൊള്ളിച്ചതും എല്ലാ ദിവസങ്ങളിലും ലഭ്യമാണ്‌. ബീഫിന്റെ എല്ല്‌ ചേർത്തുള്ള കപ്പ ബിരിയാണിയുമുണ്ട്‌.

കപ്പ, ചപ്പാത്തി, വെള്ളയപ്പം, പുട്ട്‌, നൂൽപുട്ട്‌, പൊറോട്ട എന്നീ വിഭവങ്ങളുമുണ്ട്‌. ചില ദിവസങ്ങളിൽ നെയ്‌ച്ചോറും ഉണ്ടാക്കും. ചക്ക വിഭവങ്ങൾ നൽകാനും ഉദ്ദേശിക്കുന്നു.കുടുംബാംഗങ്ങൾക്കൊപ്പം ആഹാരം കഴിക്കാൻ ഷാപ്പിനെ ആശ്രയിക്കുന്നവരാണ്‌ ഏറെയും. വീടുകളിലേക്കുള്ള കറിയും ഭക്ഷണവും പാർസലായി വാങ്ങുന്നവരുമുണ്ട്‌. കുടുംബങ്ങൾക്ക്‌ സ്വസ്ഥമായി ഭക്ഷണം കഴിക്കാനുള്ള രണ്ട്‌ ശീതീകരിച്ച മുറികളും ലഭ്യമാണ്‌.

ആവശ്യമായ ബാത്ത്‌ റൂമും ശുചിമുറിയും ഒരുക്കിയിട്ടുണ്ട്‌. പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത്‌ ലഹരി പാനീയമായ കള്ള്‌ കുടിക്കാനെത്തുന്നവർക്ക്‌ ആവശ്യമായ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ജില്ലയിലെ മിക്ക ഭാഗങ്ങളിലുമുള്ളവർ ഇവിടെ എത്തുന്നു. കർണാടകത്തിൽനിന്നുള്ളവരും എത്താറുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!