പടന്നക്കടപ്പുറത്തേക്കും ഏഴിമല ടോപ് റോഡിലേക്കും കെ.എസ്.ആർ.ടി.സി സര്‍വ്വീസ് തുടങ്ങി

പയ്യന്നൂർ : ഏഴിമല ടോപ് റോഡിലേക്കും കാര – തലിച്ചാലം വഴി പടന്നക്കടപ്പുറത്തേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. ഒട്ടനവധി ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഒരു ബസ് ഈ റൂട്ടുകളിൽ സർവീസിന് ഇറക്കിയത്.
ഗ്രാമീണ റൂട്ടുകളിലേക്കുള്ള സർവീസുകൾ ഭൂരിഭാഗവും കെ.എസ്.ആർ.ടി.സി പിൻവലിച്ചിരുന്നു. കോവിഡിന് ശേഷം ഭൂരിഭാഗം ഗ്രാമീണ റൂട്ടുകളിലേക്കും ബസുകൾ ഇറക്കിയില്ല. ഇക്കാര്യം മെട്രോ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യത്തിന് ബസ് ഇല്ലാത്തതാണ് സർവീസ് മുടങ്ങുന്നതെന്നായിരുന്നു കെ.എസ്.ആർ.ടി.സി വിശദീകരണം.
ഏഴിമല ടോപ് റോഡിലേക്ക് സർവീസ് നടത്താൻ ടി.ഐ.മധുസൂദനൻ എം.എൽ.എ മന്ത്രി തലത്തിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതേ തുടർന്നാണ് സർവീസ് തുടങ്ങിയത്. ടോപ് റോഡിൽ സാധാരണ ബസുകൾ കയറില്ല. നേരത്തെ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ചെറിയ ബസ് കുറെ കാലമായി വർക്ക്ഷോപ്പിലായിരുന്നു.
അത് റിപ്പയർ ചെയ്താണ് സർവീസിന് ഇറക്കിയത്. രാവിലെയും വൈകിട്ടും പയ്യന്നൂരിൽ നിന്ന് ടോപ് റോഡ് വഴി എട്ടിക്കുളത്തേക്ക് 2 സർവീസ്. ഒരു സർവീസ് ചീമേനിയിലേക്ക്. 2 സർവീസ് കാര തലിച്ചാലം വഴി പടന്ന കടപ്പുറത്തേക്കും. അങ്ങനെയാണ് ഇന്നലെ മുതൽ സർവീസ് തുടങ്ങിയത്.