സംസ്ഥാന കൃഷി വകുപ്പ് പുരസ്കാര നിറവിൽ ജില്ല; നാലിനങ്ങളിൽ കണ്ണൂരിന് പുരസ്കാരം

പഴയങ്ങാടി : സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകാർഷിക മണ്ഡലത്തിനുള്ള പുരസ്കാരം കല്യാശ്ശേരി മണ്ഡലത്തിന്. 5 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മന്ത്രി പി.പ്രസാദാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കാർഷിക മേഖലയിൽ നടപ്പാക്കുന്ന നവീന പദ്ധതികളാണു കല്യാശ്ശേരി മണ്ഡലത്തെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത്. മണ്ഡലത്തിലെ സ്കൂളുകളിൽ ഹരിത മോഹനം പദ്ധതിയിലൂടെ പൂക്കൃഷി, ഔഷധ ഗ്രാമം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഔഷധ കൃഷി, ഏഴോം പഞ്ചായത്തിൽ ഉൾപ്പെടെയുളള കൈപ്പാട് കൃഷി, ചെറുതാഴം കേരഗ്രാമം തുടങ്ങി വിവിധ കാർഷിക പദ്ധതികളാണു മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
ഏറ്റവും ഒടുവിലായി ഔഷധ കൃഷിയുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിലായി 25 ഏക്കർ കുറുന്തോട്ടി കൃഷിയാണു ചെയ്തിട്ടുളളത്. 17നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ പുരസ്കാരം ഏറ്റുവാങ്ങും.
ചിറ്റാരിപ്പറമ്പ് : സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം മാങ്ങാട്ടിടം കൃഷിഭവനിലെ ആർ.സന്തോഷ് കുമാറിന്. മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച റെഡ് ചില്ലീസ് പദ്ധതി, സമ്പൂർണ വിഷരഹിത പച്ചക്കറിക്കൃഷി, വിവിധ പദ്ധതി നിർവഹണം, എല്ലാം കർഷകരുമായി നല്ല ബന്ധം, കർഷകർക്കു വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.
കൊല്ലം ചവറ സ്വദേശിയായ ആർ.സന്തോഷ് കുമാർ 2019, 2021 വർഷങ്ങളിൽ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. മാങ്ങാട്ടിടം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായി ആറ് വർഷത്തോളമായി പ്രവർത്തിക്കുന്നു. കൃഷി അസിസ്റ്റന്റായി ആദ്യ പോസ്റ്റിങ്ങാണിത്. കൃഷി ഓഫിസർ എ.സൗമ്യയാണ് ഭാര്യ. മാങ്ങാട്ടിടം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും കർഷകരുടെയും പൂർണ പിന്തുണ കൊണ്ടാണ് പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചതെന്നു സന്തോഷ് കുമാർ പറഞ്ഞു.
മികച്ച ഫാം ഓഫിസർ സ്മിതാ ഹരിദാസ്
തളിപ്പറമ്പ് : കരിമ്പം ഫാമിൽ 2020 മുതൽ 23 വരെ ഫാം സൂപ്രണ്ടന്റായിരുന്ന കണ്ണൂർ തോട്ടട സ്വദേശി സ്മിതാ ഹരിദാസിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാം ഓഫിസറായി തിരഞ്ഞെടുത്തു. ബിഎസ്‌സി അഗ്രിക്കൾചർ വിദ്യാഭ്യാസ യോഗ്യതയുള്ള സ്മിത എംബിഎ ബിരുദധാരി കൂടിയാണ്. ഇപ്പോൾ കോഴിക്കോട് തിക്കൊടി ബ്ലോക്ക് ആൻഡ് തെങ്ങിൻതൈ ഉൽപാദന കേന്ദ്രത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ്. ഭർത്താവ്: എം.ടി.ബിജു, കെ.എസ്.ഇ.ബിയിൽ എക്സിക്യൂട്ടീവ് എൻജിനീയറാണ്.
മക്കൾ: തേജസ് സൂര്യ, സ്മേര തേജശ്രീ. ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വർഷത്തെ പദ്ധതിയിൽ ഫാം വിൽപന കൗണ്ടറിനോടു ചേർന്നു വിവിധ നടീൽ വസ്തുക്കൾ സൂക്ഷിക്കുന്ന ഗ്രീൻ ഹൗസ് നഴ്സറിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക ഉൾപ്പെടെ ഫാമിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.