പോസ്റ്റ് ഓഫീസുകളിൽ 30,041 ഗ്രാമീൺ ഡാക് സേവക്; പരിഗണിക്കുന്നത്‌ പത്താം ക്ലാസിലെ മാർക്ക് മാത്രം

Share our post

തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുണ്ട്. ഇതിൽ 1508 ഒഴിവ് കേരള സർക്കിളിലാണ്.

കേരള സർക്കിളിലെ ഡിവിഷനുകൾ : ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി.- കോഴിക്കോട്, ആർ.എം.എസ്.- എറണാകുളം, ആർ.എം.എസ്.- തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്. തിരുവനന്തപുരം നോർത്ത്, വടകര.

യോഗ്യത : മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനത്തിനുമുൻപായി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം കണ്ടെത്തിനൽകണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിയമനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം.

ശമ്പളം : ഗ്രാമീണ ഡാക് സേവകായി നിയമിക്കപ്പെടുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്യുവിറ്റി അലവൻസും (ടി.ആർ.സി.എ.) ഡിയർനെസ് അലവൻസുമാണ് നൽകുക. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവകിന് 10,000-24,470 രൂപയുമാണ് ടി.ആർ.സി.എ.

തിരഞ്ഞെടുപ്പ് : മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താംക്ലാസിലെ മാർക്ക് മാത്രമാണ് പരിഗണിക്കുക. പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.

അപേക്ഷ : വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം   indiapostgdsonline.gov.in ൽ ലഭിക്കും.

അവസാന തീയതി: ഓഗസ്റ്റ് 23. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞവർക്ക് ആവശ്യമെങ്കിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!