പാനൂർ സ്റ്റേഷൻ പരിധിയിൽ ഒരു വർഷത്തിനിടയിൽ 19 പേർക്കെതിരെ കാപ്പ

Share our post

പാനൂർ:  സ്റ്റേഷൻ പരിധിയി‍ൽ ഒരു വർഷത്തിനിടയിൽ 19 പേർക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി. തുടർച്ചയായി അക്രമക്കേസുകളിലും നിയമ ലംഘനങ്ങളിലും പെടുന്നവരാണ് പട്ടികയിൽ വരുന്നത്. സിപിഎം–ബി.ജെ.പി പ്രവർത്തകരായ 18 പേരും ഒരു കോൺഗ്രസ് പ്രവർത്തകനുമാണ് നടപടിക്കു വിധേയമായത്.

കൈവേലിക്കൽ കെ.സി.മുക്ക് കല്ലുള്ള പറമ്പത്ത് അഷിൻ സുരേന്ദ്രൻ, കെ.സി.മുക്ക് മീത്തലെ പറമ്പത്ത് അരുൺ ഭാസ്കർ, കുനുമ്മൽ ശ്യാംജിത്ത്, എലാങ്കോട് കാട്ടീന്റവിട ആദർശ്, കൂറ്റേരിയിലെ ഷിബിൻ, മൊട്ടേമ്മൽ രാജേഷ,് കൂറ്റേരി പുല്ലമ്പീന്റവിട ജിനേഷ്, ചെണ്ടയാട് താഴെ പീടികയിൽ അമൽരാജ്, പാത്തിപ്പാലത്തെ എടച്ചേരീന്റവിട പ്രവീൺ, മുത്താറിപ്പീടികയിലെ കല്ലുവച്ച പറമ്പത്ത് ഷുബിൻ, പന്ന്യന്നൂരിലെ ചിത്രപ്പൊയിൽ അനിൽകുമാർ, പൂക്കോം കൊമ്മേരീന്റവിട സിജിത്ത്, കെ.സി.മുക്കിലെ കെ.സി.മുക്കിലെ കണിയന്റവിട സജീവൻ, ചമ്പാട്പുത്തൻ പുരയിൽ മുല്ലോളി ജിസിൻ, മീത്തലെ ചമ്പാട്ടെ കണിയാങ്കണ്ടി രാഗേഷ്, മാറോളി കെ.എം.വിഷ്ണു, കണ്ണംവെള്ളി ബേസിൽ പീടികയിൽ ശ്രീലാൽ, കൂറ്റേരി ആറോള്ളതിൽ രോഷിത്ത് എന്നിവരാണ് നടപടിക്ക് വിധേയരായത്.

ഇവരിൽ കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും ഉണ്ട്. അക്രമത്തിന്റെ സ്വഭാവം അനുസരിച്ച് 6 മാസം ജയിലോ നാടുകടത്തലോ ആണ് ശിക്ഷാ നടപടി. സ്റ്റേഷനിൽ ദിവസവും എത്തി ഹാജർ രേഖപ്പെടുത്തുന്ന നടപടിയും ഇതിന്റെ ഭാഗമായുണ്ട്.

ആദ്യ കേസിൽ പെടുന്നയാൾക്കെതിരെ 107 വകുപ്പിൽ നല്ല നടപ്പ് ശിക്ഷ നൽകും. തുടർന്നും അക്രമത്തിൽ പെട്ടാൽ പൊലീസ് ആക്ട് അനുസരിച്ച് ഗുണ്ടാ ലിസ്റ്റിലോ റൗഡി ലിസ്റ്റിലോ വരും. വീണ്ടും ആവർ‌ത്തിച്ചാൽ കാപ്പയിലേക്ക് നീങ്ങും. ഇതേ നിയമ നടപടിയുമായി പൊലീസ് മുന്നോട്ടു പോകും. പുതുതായി ലിസ്റ്റിൽ വരുന്നവർ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.

കാപ്പ നടപടി കഴിഞ്ഞെത്തിയവരെയും പ്രത്യേക നിരീക്ഷണത്തിലാക്കി. അതിനിടെ ചമ്പാട്ടെ സി.പി.എം കെ.സി.കെ ബ്രാഞ്ച് കമ്മിറ്റി അംഗം കാണിയാങ്കണ്ടിയിൽ രാഗേഷിനെ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. കേസുകൾ പരിഗണിച്ചാണ് ഉത്തരവിടുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ കക്ഷി രാഷ്ട്രീയം നോക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!