സിന്തറ്റിക് നിറം ചേർത്ത ശർക്കര വിറ്റാൽ കുടുങ്ങും

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാക്കുന്ന കൃത്രിമ സിന്തറ്റിക് നിറങ്ങൾ ശർക്കരയിൽ വ്യാപകമായതായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ആറുമാസമോ അതിലധികമോ തടവ് ലഭിക്കുന്ന കുറ്റമാണിത്. ഉൽപാദകരും വിതരണക്കാരും വ്യാപാരികളും കേസിൽ പ്രതികളാകും. ലാബ് പരിശോധയിൽ തെളിഞ്ഞാൽ പിഴ അടച്ച് രക്ഷപ്പെടാനാവില്ല. പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരും. ഓണക്കാലത്ത് കേരള വിപണിയിൽ വൻതോതിൽ വിറ്റഴിയുന്ന ശർക്കരയുടെ നല്ലൊരു പങ്കും എത്തുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നാണ്. കോയമ്പത്തൂർ, തിരുപ്പൂർ ഭാഗത്തുനിന്നാണ് മലബാറിലേക്ക് ശർക്കര എത്തുന്നത്
കാഴ്ചയിൽ ആകർഷകമാക്കാനാണ് നിറം ചേർക്കുന്നത്. വില ഉയർത്തി വിൽക്കുകയാണ് ലക്ഷ്യം. മഞ്ഞനിറം നൽകാൻ ട്രാർറ്റാസിൻ, സൺസെറ്റ് യെല്ലോ എന്നിവയും ചുവപ്പുനിറം നൽകാൻ റോഡാമിൻ ബി എന്ന രാസവസ്തുവുമാണ് ചേർക്കുന്നത്. സാധാരണ ശർക്ക് ചുവപ്പ് കലർന്ന കറുപ്പ് നിറമായിരിക്കും. വിപണിയിൽ ഇവക്ക് ഡിമാൻഡ് കുറവാണ്. കൃത്രിമ നിറങ്ങളുടെ വൻതോതിലുള്ള ഉപയോഗം അർബുദത്തിന് കാരണമാകും. ശർക്കരയുടെ ഉൽപാദനം നടക്കുന്നത് അയൽ സംസ്ഥാനങ്ങളിലായതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് നടപടിയെടുക്കാൻ പരിമിതിയുണ്ട്. ജി.എസ്.ടി ബില്ലോടെ വരുന്ന ശർക്കരയാണെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തെ പ്രതിചേർത്ത് കേസെടുക്കാം.
എന്നാൽ, ഒട്ടുമിക്ക സമയങ്ങളിലും ബില്ലില്ലാതെയാണ് ശർക്കര എത്തുന്നതെന്ന് അധികൃതർ പറയുന്നു ശർക്കര ചാക്കിൽ ലേബൽ ഉണ്ടെന്ന് വ്യാപാരികൾ ഉറപ്പാക്ണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി കമീഷണർ വി.കെ. പ്രദീപ്കുമാർ പറഞ്ഞു. വ്യാപാരികള് ബില്ല് സൂക്ഷിക്കണം മായം കലർന്ന ശർക്കരക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടും നിലമ്പൂരിലും ശർക്കര പിടിച്ചെടുത്തു. ഓണവിപണി ലക്ഷ്യമിട്ട് എത്തിയ മായംചേർത്ത ശർക്കരയാണ് പിടികൂടിയത്. ലാബ് റിപ്പോർട്ട് ലഭിച്ചശേഷം പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങുമെന്ന് പ്രദീപ്കുമാർ അറിയിച്ചു.