നൂറുമേനിയുമായി മാടായിയിൽ വർണപ്പൂക്കാലം

പഴയങ്ങാടി : ഓണത്തിന് വർണപ്പൂക്കളുമായി മാടായി വിളിക്കുന്നു. സംസ്ഥാന വ്യവസായവകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡ് കമ്പനിയുടെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലിക്കൃഷിയിലാണ് നൂറുമേനി വിളഞ്ഞത്. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം ചെയ്തെടുത്ത ഭൂമിയിലാണ് ചെണ്ടുമല്ലിയുടെ വസന്തമെത്തിയത്. കമ്പനിയിലെ തൊഴിലാളികൾ ഹൃദയപൂർവം വൈവിധ്യവൽക്കരണ പദ്ധതികളെ ഏറ്റെടുത്തതിന്റെ വിജയമാണ് ചെണ്ടുമല്ലി കൃഷിയിലെ വിജയഗാഥ.
ചൈനാക്ലേ ഫാക്ടറി വളപ്പിലെ അരയേക്കറിലാണ് കമ്പനിയുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായുള്ള കൃഷി. കഴിഞ്ഞ വർഷം ഇവിടെ നടത്തിയ പച്ചക്കറിക്കൃഷി വിജയമായതോടെയാണ് ഇക്കുറി പരീക്ഷണാടിസ്ഥാനത്തിൽ പൂക്കൃഷി ചെയ്തത്. ഖനന ഭൂമി മണ്ണിട്ടുനികത്തി അതിൽ കമ്പനിയുടെ തന്നെ ഉൽപ്പന്നമായ അഗ്രിപിത്ത് (ചകിരിച്ചോറ്) വളമായി ഉപയോഗിച്ചാണ് ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി കൃഷിചെയ്തത്.
അടുത്ത വർഷം രണ്ടേക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. ചെണ്ടുമല്ലിപ്പൂക്കൾ ജനകീയക്കൂട്ടായ്മയിൽ ഓണവിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ട്.
ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ് നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, ഔഷധി ഡയറക്ടർ കെ. പത്മനാഭൻ, പഴയങ്ങാടി യൂണിറ്റ് മാനേജർ ഒ.വി. രഘുനാഥൻ എന്നിവർ പങ്കെടുത്തു.