വിഷരഹിത പച്ചക്കറി വർഷം മുഴുവനും; ഇത് മാങ്ങാട്ടിടം മാതൃക

Share our post

മാങ്ങാട്ടിടം: ഗ്രാമ പഞ്ചായത്തിൽ വിഷരഹിത പച്ചക്കറികൾ വർഷം മുഴുവനും ലഭിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി വർഷം മുഴുവനും എന്ന ലക്ഷ്യത്തോടെ നടത്തിയ കൃഷി വിളവെടുത്തു.

വിളവെടുപ്പിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൈതേരി ഇടംവയലിലാണ് ഹൈബ്രിഡ് പച്ചക്കറി കൃഷി ചെയ്തത്. മൂന്ന് വയലുകളിലായി അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷി. കള ശല്യം ഒഴിവാക്കാനായി മൾച്ചിങ്ങ് ചെയ്ത് അത്യുത്പാദന ശേഷിയുള്ള വിത്തുകളുപയോഗിച്ചാണ് കൃഷി ഇറക്കിയത്.

കുമ്മായമിട്ട് മണ്ണിലെ അസിഡിറ്റി മാറ്റി അഞ്ച് തരം ജൈവ വളങ്ങൾ അടിവളമായി നൽകിയാണ് വിത്ത് നട്ടത്. പയർ, വെണ്ട, കക്കിരി, കയപ്പ, പൊട്ടിക്ക, ചുരക്ക, പടവലം, കുമ്പളം, വെള്ളരി, ചീര, ബീൻസ്, അവര തുടങ്ങിയവയാണ് കൃഷി ചെയ്തത്. പയർ 70 രൂപ, വെണ്ട-60, കക്കിരി-50, പൊട്ടിക്ക-70, കയ്പ-70, പടവലം- 40, വെള്ളരി-40, ബീൻസ്-100, കുമ്പളം-40, ചീര- 50 രൂപ എന്നിങ്ങനെയാണ് കിലോയ്ക്ക് വില.

കൂത്തുപറമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള അഞ്ച് വിപണന കേന്ദ്രം വഴിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ആഴ്ച ചന്തകൾ വഴിയും വിപണി കണ്ടെത്തും. ഇതിന് പുറമെ പഞ്ചായത്തിൽ എല്ലാ വാർഡിലും ഓരോ ദിവസങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ വണ്ടിയിലും വിപണന സാധ്യത ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തെന്ന് പ്രസിഡണ്ട് പി .സി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. കുന്നുംമ്പ്രം രാജൻ, കുനിയിൽ വത്സല എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.

ചടങ്ങിൽ കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി കെ അനിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, വാർഡ് അംഗം കെ അശോകൻ, കൃഷി ഓഫീസർ എ. സൗമ്യ, കൃഷി അസിസ്റ്റന്റ് കെ. വിജേഷ്, ആർ സന്തോഷ് കുമാർ, പി. പി സുധാകരൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!