കാരുണ്യയാത്രയുമായി പി.സി. ബസുകൾ

Share our post

കൂത്തുപറമ്പ് :കാരുണ്യയാത്രയുമായി വീണ്ടും പി.സി. ബസുകൾ. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിണറായി പാണ്ട്യാല പറമ്പിൽ വിപഞ്ചിക നിവാസിലെ മൂന്നുവയസ്സുകാരി ത്രൈഖ നികേഷിന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു രണ്ട് പി.സി ബസുകൾ ഇത്തവണ കാരുണ്യയാത്ര നടത്തിയത്. മമ്പറം-തലശ്ശേരി, വേങ്ങാട്-കൂത്തുപറമ്പ് റൂട്ടുകളിലൂടെയായിരുന്നു യാത്ര.

പ്രവാസിയായ മമ്പറം മൈലുള്ളിമെട്ടയിലെ പി.സി.ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ആറാമത്തെ കാരുണ്യയാത്രയായിരുന്നു ചൊവ്വാഴ്ചത്തേത്.ഒന്നരവർഷം മുൻപാണ് ത്രൈഖ നികേഷിന് ബ്രെയിൻ ട്യൂമർ ബാധിച്ചത്. തുടർന്ന് 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് ത്രൈഖയുടെ ചികിത്സ നടത്തി. നാലുമാസത്തിനുശേഷം കുട്ടിയിൽ വീണ്ടും രോഗലക്ഷണം കണ്ടുതുടങ്ങിയതോടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.

അതിവേഗം വളരുന്ന അപൂർവ ട്യൂമറായതിനാൽ ചെന്നൈ അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിൽ പ്രോട്ടോൺ തെറാപ്പി ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിനായി ഒരുകോടി രൂപയോളം ചെലവ് വരും. തുടർചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി നാട്ടുകാർ ചികിത്സാകമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്.

കുട്ടിക്ക് തങ്ങളാൽ കഴിയുന്ന സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയതെന്നും ജനങ്ങളിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും ബസ് ജീവനക്കാർ പറഞ്ഞു.

വേതനം വാങ്ങാതെ ജോലിചെയ്ത് ജീവനക്കാർ യാത്രയുടെ ഭാഗമായപ്പോൾ ടിക്കറ്റ് തുകയെക്കാൾ നൽകി യാത്രക്കാരും പിന്തുണയേകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!