മുത്തശ്ശിമാവുകളെ ‘കുള്ള’നാക്കുന്ന പ്രവൃത്തി തുടങ്ങി

കണ്ണൂർ : അമിതവളർച്ചയുള്ള കുറ്റ്യാട്ടൂർ മാവുകളുടെ ചില്ലകൾ വെട്ടിമാറ്റി ‘കുള്ള’നാക്കുന്ന പ്രവൃത്തി തുടങ്ങി.മാവുകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാനും മാങ്ങകൾ പറിച്ചെടുക്കാനാകാതെ നശിച്ചുപോകുന്നത് ഒഴിവാക്കാനുമാണിത്.
മാവുകളെ നശിപ്പിക്കുന്ന ഇത്തിൽക്കണ്ണികളുടെ വളർച്ച ഒഴിവാക്കാനും സാധിക്കും. പദ്ധതി പോന്താറമ്പിൽ കൃഷിവിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. പി. ജയരാജ് ഉദ്ഘാടനം ചെയ്തു.
80 വർഷം പ്രായമായ രണ്ട് മാവുകളിലാണ് ഈ ശാസ്ത്രീയരീതി അവലംബിച്ചത്. ഓരോ മാവിന്റെയും പ്രത്യേകതയനുസരിച്ച് മൂന്ന്-നാല് മീറ്റർ ഉയരത്തിൽവെച്ച് 20 ഡിഗ്രി ചെരിച്ച് ഭൂമിക്ക് സമാന്തരമായാണ് മുറിക്കുക.
മുറിപ്പാടിൽ കുമിൾനാശിനിയുടെ പേസ്റ്റ് തേച്ചുപിടിപ്പിക്കും. മുന്നൂറ് വർഷത്തോളം പഴക്കമുള്ള മാവുകൾവരെ കുറ്റ്യാട്ടൂരിലുണ്ട്.
കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും ബെംഗളൂരുവിലെ ഭാരതീയ ഫലവർഗ ഗവേഷണകേന്ദ്രത്തിന്റെയും സഹായത്തോടെ കുറ്റ്യാട്ടൂർ മാങ്ങ ഉത്‌പാദക കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വലിയ മാവുകളുടെ കമ്പുകൾ വെട്ടിമാറ്റുന്ന ചെലവിന്റെ ഒരു പങ്ക് കർഷകർ വഹിക്കണമെന്ന് കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ പറഞ്ഞു.
കുറ്റ്യാട്ടൂരിലെ ഏറ്റവും ഉയർന്ന പ്രദേശമായ പോന്താറമ്പിൽ കുറ്റ്യാട്ടൂർ ഗ്രാഫ്റ്റ് തൈകളുടെ തോട്ടം നിർമിക്കുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. ഇത് മാതൃകാതോട്ടമായി മാറ്റും. കുറ്റ്യാട്ടൂർ മാവിന് പുറമേ, അൽഫോൺസ, നീലം, സിന്ദൂരം തുടങ്ങിയ മാവുകളും ഇവിടെ കൃഷി ചെയ്യും.
പട്ടികജാതി ഉപവർഗ പദ്ധതിയിൽപ്പെടുത്തിയാണിത്. തിരഞ്ഞെടുത്ത പട്ടികജാതി ഗുണഭോക്താക്കളുടെ കൃഷിയിടങ്ങളിലാണ് തോട്ടമൊരുക്കുക. ആറേക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ മുതലമട മാതൃകയാക്കിയാണ് തോട്ടത്തിന്റെ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. ഇടനാടൻ കുന്നിൻപ്രദേശം മാവ് കൃഷിക്ക് വളരെ അനുയോജ്യമാണെന് ഡോ. പി. ജയരാജ് പറഞ്ഞു.
ഒരേക്കറിൽ 160 ഗ്രാഫ്റ്റ് തൈകൾ നടാൻ സാധിക്കും. കൂടാതെ വിളപരിപാലനം, വിളവെടുപ്പ് എന്നീ ജോലികളും ആയാസരഹിതമാകും.