ആസ്പത്രികളിലെ പരാതി പരിഹാരത്തിന് ത്രിതല സംവിധാനം

തിരുവനന്തപുരം : സർക്കാർ ആസ്പത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികൾ പരിഹരിക്കാൻ ത്രിതല സംവിധാനമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആസ്പത്രിതലത്തിന് പുറമെ ജില്ലാ, സംസ്ഥാന പരാതി പരിഹാര സമിതികളുമുണ്ടാകും. ആസ്പത്രി അധികൃതരും പുറത്തുനിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടതാകും സമിതി. നിയമസഭയിൽ ആരോഗ്യ പ്രവർത്തക, ആസ്പത്രി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ഇടപെടൽ സംബന്ധിച്ചുള്ള പ്രോട്ടോകോൾ തയ്യാറാക്കും.
ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് നിലപാട്. എല്ലാ ജില്ലകളിലും സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലുള്ള 96 ആസ്പത്രിയിൽ ഇതിനകം സി.സി.ടി.വി.കൾ സ്ഥാപിച്ചെന്നും മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.