അമ്മയുമായി പിണങ്ങിയിറങ്ങിയ വിദ്യാർത്ഥിനിയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ
കായംകുളം: വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയും കൃഷ്ണപുരം അജന്ത ജംഗ്ഷന് സമീപം മുണ്ടുകോട്ടയിൽ സന്ധ്യയുടെ മകളുമായ അന്നപൂർണയുടെ (14) മൃതദേഹമാണ് വീടിന് അഞ്ഞൂറ് മീറ്റർ അകലെ കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിൽ അർത്തിച്ചിറ കുളത്തിൽ ഇന്നലെ രാവിലെ എട്ടുമണിയോടെ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ട്യൂഷൻ സെന്ററിൽ നിന്ന് വീട്ടിൽ വന്ന അന്നപൂർണ, കൂട്ടുകാരികൾ മിണ്ടുന്നില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുകയും തുടർന്ന് അമ്മയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടെ, ടിവി കണ്ടുകൊണ്ടിരുന്ന അന്നപൂർണയോട് തുണി അലക്കാൻ അമ്മ ആവശ്യപ്പെട്ടു.
തുണികൾ ബക്കറ്റിൽ നനച്ചുവച്ചതിനുശേഷം സന്ധ്യയോടെ അന്നപൂർണയെ കാണാതായി. തുടർന്ന് മാതാവ് കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്.
സന്ധ്യയുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയിരുന്നു.പിന്നീട് രാജീവ് എന്നയാളെ വിവാഹം കഴിച്ചെങ്കിലും അദ്ദേഹം ഗൾഫിൽ വെച്ച് ഒരു വർഷം മുൻപ് മരിച്ചു. സന്ധ്യയുടെ മാതാപിതാക്കളായ ഗോപാലകൃഷ്ണനും ലതയ്ക്കും ഒപ്പമായിരുന്നു അന്നപൂർണ നേരത്തേ താമസിച്ചിരുന്നത്.
സ്കൂൾ തുറന്നതോടെയാണ് സന്ധ്യയുടെ അടുത്തെത്തിയത്. സിസാരകാര്യത്തിന് പോലും പിണങ്ങി മാറിയിരിക്കുന്ന സ്വഭാവം ആയിരുന്നു അന്നപൂർണയ്ക്കെന്ന് അദ്ധ്യാപകർ പറഞ്ഞു. സഹോദരി: ലോട്ടസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
