പള്ളിക്കമ്മിറ്റി വിലക്കിന് വഖഫ് ബോർഡ് സ്റ്റേ

കോഴിക്കോട്: പള്ളിക്കമ്മിറ്റിയിൽ അംഗത്വമെടുക്കുന്നതിനും കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ബാർബർ സമൂഹത്തിന് വിലക്കേർപ്പെടുത്തിയ ചങ്ങനാശ്ശേരി പുതൂർ പള്ളിക്കമ്മിറ്റി തീരുമാനം നടപ്പിൽ വരുത്തുന്നത് തടഞ്ഞ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഉത്തരവിറക്കി. ബോർഡ് ജുഡീഷ്യൽ സമിതി യോഗമാണ് ഉത്തരവിട്ടത്.
ചങ്ങനാശ്ശേരി പുതൂർ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി കീഴ്നടപ്പുകാരാണെന്ന് ആരോപിച്ച് അനീസ് സാലിയെന്ന ബാർബർ കുടുംബത്തിലെ അംഗത്തിന് നൽകിയ കത്ത് ഇസ്ലാമിക പ്രമാണങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് നടപടി. വിഷയത്തിൽ മറുപടി നൽകുന്നതിന് കേരളത്തിലെ മുസ്ലിം സംഘടനകൾക്കും വഖഫ് ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. മുസ്ലിം ഇക്വാലിറ്റി എംപവർ മൂവ്മെന്റ്, അഡ്വ. ടി.പി. സാജിദ് മുഖേന നൽകിയ ഹരജിയിലാണ് വഖഫ് ബോർഡിന്റെ ഉത്തരവ്.