നാട്ടുകാരുടെ പ്രതിഷേധം; കണ്ടോത്തെ വിദേശമദ്യ ഔട്‌ലെറ്റ് അടച്ചുപൂട്ടി

പയ്യന്നൂർ : നാട്ടുകാരുടെ സമരത്തെ തുടർന്ന് കണ്ടോത്തെ കൺസ്യൂമർ ഫെഡ് വിദേശ മദ്യ ഔട്‌ലെറ്റ് അടച്ചു പൂട്ടി. വ്യാഴാഴ്ച രാത്രിയിൽ കണ്ടോത്ത് അവസാനിപ്പിച്ച മദ്യവിൽപന കേന്ദ്രം ഇന്നലെ രാവിലെ പിലാത്തറയിൽ തുറന്നു. കണ്ടോത്ത് പൊടുന്നനവെയാണ് ഒരു ദിവസം രാവിലെ കൺസ്യൂമർ ഫെഡ് മദ്യ വിൽപന കേന്ദ്രം തുടങ്ങിയത്.
സി.പി.എമ്മും കോൺഗ്രസും ബിജെപിയും ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും പ്രദേശത്തെ ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും സ്ത്രീ സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമര സമിതിയും രൂപീകരിച്ച് സമര രംഗത്ത് ഇറങ്ങിയിരുന്നു.
കെട്ടിട ഉടമയ്ക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിനൊപ്പം കെട്ടിട ഉടമയും നിസ്സഹകരണം കാട്ടിയതോടെ ഔട്‌ലെറ്റ് പൂട്ടാൻ കൺസ്യൂമർ ഫെഡ് നിർബന്ധിതമായി.
ഇത് പൂട്ടിയതിന് തൊട്ടുപിന്നാലെ പിലാത്തറയിൽ ഔട്‌ലെറ്റ് പ്രവർത്തനം തുടങ്ങി. നേരത്തെ ചെറുപുഴയിൽ പ്രവർത്തിച്ച ഔട്‌ലെറ്റായിരുന്നു കണ്ടോത്തേക്ക് മാറ്റിയിരുന്നത്.