ഒറ്റ വർഷത്തിൽ പത്തിതാഴ്ത്തിയത് 32 രാജവെമ്പാലകൾ: പാമ്പിനെ കണ്ട് വിറക്കേണ്ട, ഫൈസൽ വിളിപ്പുറത്തുണ്ട്

Share our post

കൊട്ടിയൂർ: കഴിഞ്ഞ മൂന്നുവർഷമായി ഫൈസൽ വിളക്കോടിന്റെ ഫോണിന് വിശ്രമം കുറവാണ്. പാമ്പുകളെ കണ്ട് പരിഭ്രാന്തിയോടെയുള്ള ശബ്ദങ്ങളായിരിക്കും മിക്കവാറും മറുതലയ്ക്കൽ. വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ഈ യുവാവ് ഈ ഒറ്റ വർഷം മാത്രം പിടികൂടി വനത്തിൽ വിട്ടത് 32 രാജവെമ്പാലകളെയാണെന്ന് പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.

കണ്ണൂർ മാർക് സംഘടനയുടെ പ്രവർത്തകൻ കൂടിയായ ഫൈസൽ വിളക്കോട് മനുഷ്യർക്കും പാമ്പുകൾക്കുമിടയിലെ സംഘർഷങ്ങളെ ഇല്ലാതാക്കുകയെന്ന ദൗത്യവുമായാണ് കഴിയുന്നത്.

കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളുമുൾപ്പെടെയുളള വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനെ തുടർന്ന് പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകൾ കൂടി എത്തിത്തുടങ്ങിയത് വലിയ ഭയപ്പാടാണ് ഉണ്ടാക്കുന്നത്.

വീടിനും റോഡിനും സമീപത്തു നിന്നും കിണറ്റിലും ഏറ്റവുമൊടുവിൽ കൊട്ടിയൂർ ഒറ്റപ്ലാവിലെ അങ്കണവാടിയുടെ അടുക്കളയിൽ നിന്നുവരെ രാജവെമ്പാലയെ പിടികൂടേണ്ടിവന്നിട്ടുണ്ട് ഫൈസലിന്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയിരത്തിലധികം പാമ്പുകളെയാണ് ഫൈസലും വനപാലകരും പിടികൂടിയത്. കഴിഞ്ഞ ജൂലായിൽ മാത്രം 110 ലധികം പാമ്പുകളെ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് മാറ്റി.

ആറളം കൊട്ടിയൂർ മേഖലയിൽ നിന്നു മാത്രം ഏഴ് രാജവെമ്പാലകളെയാണ് പിടിച്ചത്.തിരികെ വരാതെയിരിക്കാനായി ഉൾവനത്തിലാണ് ഇവയെ തുറന്നു വിടുന്നത്.പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തേക്കിറയതെന്ന് ഫൈസൽ അഭിമാനത്തോടെ പറയുന്നു.

കുട്ടിക്കാലത്ത് വീടുകളിൽ വരാറുള്ള പാമ്പാട്ടികളും, മകുടിയുടെ താളത്തിനൊപ്പം ഫണം വിരിച്ചാടുന്ന പാമ്പുകളും വലിയ കൗതുകമായിരുന്നു.പിന്നീടിത് പാമ്പുകളോടുള്ള സൗഹൃദമായി . മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, പെരുമ്പാമ്പ്, രാജവെമ്പാല വരെയുള്ള പാമ്പുകളെ നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട് ഫൈസലിന് .രാജവെമ്പാലയെ പിടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളു.

ഒരു സാമൂഹ്യ പ്രവർത്തനമെന്ന നിലയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഈ രംഗത്ത് തുടരുന്നത്. മൂന്നു വർഷമായി വനംവകുപ്പിൽ വാച്ചറാണ് ഫൈസൽ. ഏതു സമയത്തുവിളിച്ചാലും ഫൈസലും സംഘവും സ്ഥലത്തെത്തി പാമ്പുകളെ പിടികൂടിയിരിക്കും.

വനംവകുപ്പിലെ സഹപ്രവർത്തകരോടൊപ്പം ഭാര്യ ശബാനയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് ശാസിലും നാലു വയസുകാരി ആയിഷ ഐമിനും നാട്ടുകാരും ഫൈസലിന് പൂർണ പിന്തുണയുമായുണ്ട്.പ്രചോദനമാണ്. മകന് ഇപ്പോഴേ പാമ്പുകളെ വളരെ ഇഷ്ടമാണ്.

ഫൈസൽ പറയുന്നു ശ്രദ്ധ വേണം

>മഴക്കാലമായതിനാൽ മാളങ്ങളിൽ വെള്ളം കയറുന്നതുമൂലം വിഷപ്പാമ്പുകൾ വീടുകളിലും ചുറ്റുപാടുകളിലും   ഏത്താനിടയുണ്ട്.

>ഇവയെ അകറ്റാൻ മണ്ണെണ്ണ, വെളുത്തുള്ളി മുതലായവ ഉപയോഗിക്കുന്നതുകൊണ്ട് പ്രയാജനമൊന്നുമില്ല.

>പാമ്പ് വരാതിരിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

>വീടിനോട് ചേർന്ന് വിറക്, പലകകൾ, ഓട്, തേങ്ങ മുതലായവ കൂട്ടിയിടരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!