വിശ്വാസികൾക്കായി അടികൊണ്ടത് കമ്യൂണിസ്റ്റുകാർ -എ.എൻ. ഷംസീർ

ധർമശാല : കേരളത്തിൽ വിശ്വാസികൾക്ക് വിശ്വാസം മുറുകെ പിടിക്കാനായി അടികൊണ്ടത് കമ്യൂണിസ്റ്റുകാരും അതോടൊപ്പം നവോത്ഥാനനായകരുമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കടമ്പേരിയിൽ സി.ആർ.സിയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ പി.വി.കെ. കടമ്പേരിയുടെ ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതുകൊണ്ടാണ് ഇപ്പോൾ കേരളത്തിൽ ഏത് മതവിശ്വാസിക്കും അവരുടെ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായത്. വിശ്വാസസംരക്ഷണത്തിന്റെ മറവിൽ ഇപ്പോൾ പോരിനിറങ്ങിയവരെ മുൻകാലങ്ങളിലൊന്നും കണ്ടില്ല.
ശാസ്ത്രചിന്ത വളർത്താനാണ് ഭരണഘടന ഊന്നൽനൽകിയത്. കുട്ടികൾ ശാസ്ത്രചിന്തയുടെ പ്രചാരകരാണാകേണ്ടത്. 35 മാസം ചർച്ചചെയ്തുണ്ടാക്കിയ ഭരണഘടനയെ തള്ളിപ്പറയാന്നാണ് വെറുപ്പിന്റെ പ്രചാരകർ ശ്രമിക്കുന്നത്. ശാസ്ത്രചിന്ത പ്രചരിപ്പിക്കരുത് എന്നുപറയുന്നവർ പാഠപുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്നു.
ഗാന്ധിവധംപോലും ഒഴിവാക്കുന്നു. അബുൾ കലാം ആസാദിനെ പഠിക്കേണ്ട എന്ന് പറയുന്നു. ഇത് കുട്ടികൾ തിരിച്ചറിയണം. എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും ഇനിയും സത്യം പറയും. കീഴടങ്ങില്ല. എത്ര കുത്തിത്തിരിപ്പുണ്ടാക്കിയാലും കേരളത്തിൽ വർഗീയശക്തികൾ വളരില്ല – അദ്ദേഹം പറഞ്ഞു.
എൻ. ആദിൽ അധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി.വി.കെ. കടമ്പേരി സ്‌മാരക ട്രസ്റ്റും ഏർപ്പെടുത്തിയ പി.വി.കെ. കടമ്പേരി സ്‌മാരക പുരസ്‌കാരം തിരൂർ തെക്കൻ കുറ്റൂരിലെ ഏഴാംക്ലാസ് വിദ്യാർഥിയായ കുട്ടി കർഷകൻ മുഹമ്മദ് സിനാന് സ്‌പീക്കർ നൽകി.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ. ശ്യാമള, കെ. സന്തോഷ്, സി. അശോക് കുമാർ, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു.