ചെക്ക് പോസ്റ്റും സെക്യൂരിറ്റിയും വെറുതേ: കടന്നുകയറ്റ ഭീഷണിയിൽ ആറളം ഫാം പുനരധിവാസ മേഖല

Share our post

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. ഫാമിലേക്ക് പ്രവേശിക്കുന്ന കക്കുവയിലും പാലപ്പുഴയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നിരവധി പേരാണ് ഫാമിലും പുനരധിവാസ മേഖലയിലുമായി എത്തുന്നത്. കീഴ്‌പ്പള്ളി- പാലപ്പുഴ റോഡ് വഴി ഫാമിലേക്ക് പ്രവേശിക്കുന്നവർ അവിടെനിന്നും ഫാമിന്റെ മറ്റ് ബ്ലോക്കുകളിലേക്ക് അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കുകയാണ്. ഇങ്ങനെ പോകുന്നവരിൽ പലതരം മാഫിയാ സംഘങ്ങളിൽപ്പെട്ടവരുമുണ്ട്.

ഫാമിൽനിന്ന്‌ വളർത്തുമൃഗങ്ങളും കാർഷികവിളകളും വ്യാപകമായി മോഷ്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഏഴാം ബ്ലോക്കിൽനിന്നും പോത്തിനെ മോഷ്ടിച്ചു. ഇതിന് പുറമെ ആടുകൾ ഉൾപ്പെടെ മറ്റ് വളർത്തുമൃഗങ്ങളും കാണാതാകുന്നുണ്ട്.

പുറമേ നിന്നും എത്തുന്നവർ ആദിവാസികളെ പലവിധത്തിലും ചൂഷണം ചെയ്യുന്നുവെന്ന പരാതിയും ശക്തമാണ്. ആടുമാടുകളെ നിശ്ചിത കാലത്തേക്ക് വളർത്താനെന്ന പേരിൽ പുനരധിവാസ മേഖലയിൽ എത്തിക്കുകയും കുറച്ച് മാസങ്ങൾക്കുശേഷം ആദിവാസികൾക്ക് തുച്ഛമായ പണം നൽകി കൊണ്ടുപോവുകയും ചെയ്യുന്ന സംഘങ്ങളും ഫാമിൽ പിടിമുറുക്കുന്നുണ്ട്.

ഫാമിലെ വിശാലമായ മേച്ചിൽപ്പുറങ്ങൾ പ്രയോജനപ്പെടുത്തി വളർത്തുമൃഗങ്ങൾ വേഗത്തിൽ വളരുകയും അതിലൂടെ വൻ ലാഭം കൊയ്യുകയുമാണ് ഇത്തരം സംഘങ്ങൾ. ഇവരുടെ കടന്നുകയറ്റം തടയാനുള്ള നടപടികൾ ഫലപ്രദമാകുന്നില്ല.

പോത്ത് മോഷണത്തെ തുടർന്ന് പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്നവർ കക്കുവയിലെ ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പോത്ത് മോഷണത്തിന്റെ പേരിൽ ആറളം പോലീസ് കേസെടുത്ത തളിപ്പറമ്പിലെ സാജിദാസ് മൻസിലിൽ ഷൗക്കത്തിന് പോത്ത് മോഷണവുമായി ബന്ധമില്ലെന്നും പോത്തിനെ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ മാത്രമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പോത്തിനെ വിലക്കുവാങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണവുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!