പ്രതിയില്‍ നിന്ന് പണം ‘വിഴുങ്ങി’ കര്‍ണാടക പോലീസ്; കൈയോടെ പിടിച്ച് കേരള പോലീസ്; സി.ഐ അടക്കം പിടിയില്‍

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ കര്‍ണാടക പോലീസിലെ നാല് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് കര്‍ണാടക പോലീസ് സംഘത്തെ കേരള പോലീസ് പിടികൂടിയത്.
പണം നല്‍കിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് കര്‍ണാടക പോലീസ് സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായും കൊച്ചി ഡി.സി.പി. ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കര്‍ണാടക പോലീസ് സംഘം പണം തട്ടിയെടുത്തതായി കൊച്ചി പോലീസിന് പരാതി ലഭിച്ചത്. പ്രതികളുടെ കാറും കര്‍ണാടക പോലീസ് കൊണ്ടുപോയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഇതോടെ കൊച്ചി ഡി.സി.പി.യുടെ നിര്‍ദേശപ്രകാരം ഈ കാര്‍ കണ്ടെത്തുകയും കര്‍ണാടക പോലീസ് സംഘത്തെ പിടികൂടുകയുമായിരുന്നു. കാറില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു.
ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് കര്‍ണാടക പോലീസ് സംഘം കൊച്ചിയിലെത്തിയിരുന്നത്. ആയിരംരൂപ നല്‍കിയാല്‍ അഞ്ചുദിവസം കൊണ്ട് കൂടുതല്‍പണം തിരികെനല്‍കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത്.
ഈ ഓണ്‍ലൈന്‍ ഇടപാടില്‍ ബെംഗളൂരുവിലെ ഒരുസ്ത്രീക്ക് 26 ലക്ഷത്തോളം രൂപ നഷ്ടമായെന്നായിരുന്നു പരാതി. ഈ പരാതിയില്‍ കേസെടുത്ത ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് പ്രതികളെ തേടി കേരളത്തിലെത്തി. ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയത്. മലപ്പുറത്തുനിന്ന് രണ്ടുപ്രതികളെ കര്‍ണാടക പോലീസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് മട്ടാഞ്ചേരിയില്‍നിന്ന് രണ്ടുപേരെ കൂടി പിടികൂടിയത്.
25 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍നിന്ന് വിടാമെന്ന് പറഞ്ഞാണ് കര്‍ണാടക പോലീസ് മട്ടാഞ്ചേരി സ്വദേശികളില്‍നിന്ന് പണം തട്ടിയത്. ആദ്യം 25 ലക്ഷം ചോദിച്ച പോലീസുകാര്‍ പിന്നീട് പത്തുലക്ഷമാക്കി കുറച്ചു. ഇതില്‍ നാലുലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങി. ബാക്കി ആറുലക്ഷം രൂപ കൂടി ചോദിച്ച് ഭീഷണി തുടര്‍ന്നതോടെയാണ് പ്രതികളുടെ ബന്ധുക്കള്‍ കൊച്ചി പോലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് കൊച്ചി കളമശ്ശേരി പോലീസ് ഇവരുടെ വാഹനം കണ്ടെത്തുകയും പണവുമായി പോലീസുകാരെ പിടികൂടുകയുമായിരുന്നു. കര്‍ണാടക പോലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സംഭവത്തില്‍ കൊച്ചി പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.