സ്റ്റേഷനിലെ സഹായിയുടെ ജന്മദിനം ആഘോഷിച്ച് പാനൂര്‍ പോലീസ്; സമ്മാനങ്ങളും നല്‍കി

പാനൂര്‍: പതിവായി പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തുന്ന 56-കാരനായ അനില്‍കുമാര്‍ കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത് നെറ്റിയില്‍ കുറിതൊട്ട് ടീഷര്‍ട്ടും ധരിച്ചാണ്.
സ്റ്റേഷനിലെ സഹായിയായ അനില്‍കുമാറില്‍ പതിവില്‍ക്കവിഞ്ഞ സന്തോഷം കണ്ടപ്പോള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് കാരണം തിരക്കി. ഇന്നെന്റെ 56-ാം ജന്മദിനമാണെന്ന മറുപടി വന്നയുടനെ അനിലിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോലീസുകാരും തീരുമാനിച്ചു.
പോലീസുകാരനോ സ്റ്റേഷന്‍ ജീവനക്കാരനോ അല്ലാത്ത അനിലിന്റെ ജന്മദിനമാഘോഷിക്കാന്‍ പോലീസ് ഇന്‍സ്‌പെക്ടറും എസ്.ഐ. സി.സി.ലതീഷും എ.എസ്.ഐ. ജയലളിതയും മറ്റുള്ളവരും ഒത്തുചേര്‍ന്നു. കാന്റീനില്‍വെച്ച് ജന്മദിന കേക്ക് മുറിച്ചു. അനിലിന് സമ്മാനങ്ങള്‍ നല്‍കി.
ചൊക്ലി മേനപ്രം സ്വദേശിയാണ് അനില്‍കുമാര്‍. ചെറുപ്പത്തില്‍ത്തന്നെ ചൊക്ലി പോലീസ് സ്റ്റേഷനുമുന്നിലുള്ള അച്ഛന്റെ ചായക്കടയില്‍ സഹായിയായി പോകാറുണ്ടായിരുന്നു.
ആയിടക്കാണ് ചൊക്ലി പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. നാട മുറിക്കാനുള്ള കത്രികയുമായെത്തിയ അനിലിനെ സഹായിയാക്കാന്‍ ഉദ്ഘാടകനായ ഡി.ജി.പി. രാജഗോപാലന്‍ നായര്‍ നിര്‍ദേശിക്കുകയായിരുന്നു. 1998 മുതല്‍ സ്റ്റേഷനിലുണ്ട് ഇദ്ദേഹം. ഇപ്പോള്‍ സ്റ്റേഷന്‍ കാന്റീനിലെ സഹായിയാണ്.