പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് അടുത്ത മാസത്തോടെ

കണ്ണൂര്‍: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ ചെലവില്‍ കോർപറേഷന് നിർമിക്കുന്ന പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും. പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയായി.
മലിനജല ശുദ്ധീകരണ പ്ലാന്റ്, ചേലോറ മാലിന്യ സംസ്കരണ കേന്ദ്രം, കോർപറേഷന് ഓഫിസ് കെട്ടിട നിർമാണം എന്നിവ മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു. പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
ഒരു ദലശലക്ഷം ലിറ്റര്‍ മലിനജലം പ്രതിദിനം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്റിന്റെ നിർമാണ പ്രവൃത്തികള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനവട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെ തിരുത്തുന്നതിന് ഇത്തരം പ്ലാന്റുകളുടെ പ്രവര്‍ത്തനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ പരിസരം മനോഹരമായ പൂന്തോട്ടമായി പരിപാലിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന സംവിധാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്നത് രൂക്ഷമായ ദുർഗന്ധം ഉണ്ടാകുമെന്ന് പ്രചാരണം അസ്ഥാനത്താണ്. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ഏറ്റവും നൂതനമായ ആർ.എം.ബി.ആർ ടെക്നോളജിയോടെ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂർ കോർപ്പറേഷൻ മാറും.
കോര്‍പറേഷനിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം പൈപ്പുകള്‍ വഴി ശേഖരിച്ച് പമ്പ് ചെയ്താണ് പ്ലാന്റില്‍ എത്തിക്കുന്നത്. ഇവിടെ എട്ട് ഘട്ടങ്ങളായാണ് മലിനജലം അത്യാധുനിക സാങ്കേതിക വിദ്യയില്‍ സംസ്കരിക്കുന്നത്. ഈ ജലം ജലസേചനം, കെട്ടിടനിര്‍മാണം പോലുള്ളവക്ക് ഉപയോഗിക്കാന്‍ കഴിയും.
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതിയും പ്ലാസ്റ്റിക് സംസ്കരണ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനവും തുമ്പൂര്‍മൊഴി മോഡലും കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മന്ത്രിയോടൊപ്പം മേയര്‍ ടി.ഒ. മോഹനന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, നഗരകാര്യ ഡയറക്ടര്‍ അലക്സ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, എം.വി. ജയരാജന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, ജില്ല ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, കൗണ്‍സിലര്‍മാരായ കെ. പ്രദീപന്, കെ.പി. അബ്ദുൽ റസാഖ്, അഷ്റഫ് ചിറ്റുള്ളി, ശ്രീജ ആരംഭന്‍, പി.പി. ബീബി, എ. ഉമൈബ, പി. കൗലത്ത്, വി.കെ. ശ്രീലത തുടങ്ങിയവര്‍ സംബന്ധിച്ചു.