മൈസൂരു എക്‌സ്പ്രസ്‌വേയില്‍ ബൈക്കിനും ഓട്ടോയ്ക്കും നോ എന്‍ട്രി, യാത്ര സര്‍വീസ് റോഡില്‍ മാത്രം

Share our post

ബെംഗളൂരു :ബെംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ട്രാക്ടറുകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം ചൊവ്വാഴ്ച നിലവില്‍ വന്നു. വേഗം കുറഞ്ഞ വാഹനങ്ങള്‍ പാതയില്‍ അപകടമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ദേശീയപാതാ അതോറിറ്റി നിരോധനമേര്‍പ്പെടുത്തിയത്.

ഇവ സര്‍വീസ് പാതകള്‍ വഴിയാണ് പോകേണ്ടത്. നിരോധന വിജ്ഞാപനം നിലവില്‍ വന്നതോടെ പാതയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും സര്‍വീസ് റോഡുകള്‍ വഴി തിരിച്ചുവിട്ടു.

സര്‍വീസ് റോഡുകളില്‍നിന്ന് വാഹനങ്ങള്‍ അതിവേഗപാതയിലേക്ക് കടക്കുന്നത് തടയാന്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. വിലക്ക് ലംഘിച്ചെത്തുന്നവര്‍ക്ക് 500 രൂപ പിഴയീടാക്കാന്‍ പോലീസ് ഒരുങ്ങുന്നുണ്ട്.

ഇപ്പോള്‍ നടപടിയെടുക്കുന്നില്ലെന്നും ഒരാഴ്ചയ്ക്കു ശേഷം പിഴയീടാക്കിത്തുടങ്ങുമെന്നും പോലീസ് അറിയിച്ചു. രാമനഗര, മാണ്ഡ്യ, മൈസൂരു പോലീസിന്റെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്.

മോട്ടോര്‍രഹിതവാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ഹൈഡ്രോളിക് ട്രെയ്ലറുകള്‍ എന്നിവയും സര്‍വീസ് റോഡുകള്‍ വഴി പോകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ചിലാണ് അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ഇതിനുശേഷം ഇതുവരെ 300 വാഹനാപകടങ്ങള്‍ പാതയിലുണ്ടായതായാണ് കണക്ക്. നൂറ് യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ത്രസിപ്പിക്കുന്ന യാത്രാനുഭവവുമായി 117 കിലോമീറ്ററുള്ള പത്തുവരിപ്പാത മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. മാര്‍ച്ചില്‍ മാത്രം പാതയിലുണ്ടായ വാഹനാപകടങ്ങളില്‍ 20 പേര്‍ മരിച്ചതായി ആഭ്യന്തരവകുപ്പ് പറയുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. ഏപ്രിലില്‍ 23 പേര്‍ മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. മേയില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവര്‍ 93. ജൂണില്‍ 28 പേര്‍ മരിക്കുകയും 96 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സൗകര്യമുള്ള പാതയാണിതെന്നാണ് ദേശീയപാതാവിഭാഗം പറയുന്നത്. പക്ഷേ, പല വാഹനങ്ങളും സഞ്ചരിക്കുന്നത് 150 കിലോമീറ്റര്‍വരെ വേഗത്തിലാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ലെയ്ന്‍ തെറ്റിച്ച് മറികടക്കാന്‍ ശ്രമിക്കുന്നത് അപകടം പെരുകാനുള്ള കാരണങ്ങളിലൊന്നാണ്. വളവുകളില്‍ വേണ്ടത്ര അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് മറ്റൊരു പ്രശ്നം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!