ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും, രജിസ്ട്രേഷൻ നിർബന്ധം; ബിൽ പാസാക്കി 

Share our post

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, സർക്കാർ ജോലി, കേന്ദ്ര സർക്കാർ പദ്ധതികൾ, വോട്ടർപട്ടിക, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ തുടങ്ങിയവയ്ക്ക് ജനന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കുന്ന ജനന, മരണ രജിസ്ട്രേഷൻ ബിൽ ലോക്‌സഭ പാസാക്കി.

1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം ഭേദ​ഗതി ചെയ്യാനുള്ള ബിൽ ആണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. ഇതനുസരിച്ച്, ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാനൻ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും. ബിൽ നിയമമായശേഷം ജനിച്ചവർക്കാണ് ഇത് ബാധകം.

“ഈ ബില്ലിൽ ഇനി ഒരു സംശയവുമില്ല. ഇക്കാര്യത്തിൽ കൂടുതൽ കാലതാമസം വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായാണ് ഇത് കൊണ്ടുവന്നത്. പൊതുജനാഭിപ്രായം ആരായുകയും അവരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്”, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

ജനന-മരണ രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായി ദേശീയതലത്തിൽ രജിസ്ട്രാർ ജനറലിനെയും സംസ്ഥാനതലത്തിൽ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തിൽ രജിസ്ട്രാറെയും നിയമിക്കും. രജിസ്ട്രേഷനുകളുടെ നിർദിഷ്ട ദേശീയ ഡാറ്റാ ബേസ് ഉപയോ​ഗിച്ച് വ്യക്തികളുടെ പേരിലുള്ള ഭൂമി രജിസ്ട്രേഷനുകളും പുതുക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ ഭേദ​ഗതി.

അറിയാം

►കുട്ടി ജനിക്കുന്ന സ്ഥലത്തുനിന്ന് മാതാപിതാക്കളുടെ ആധാർ നമ്പർ സഹിതം ജനന, മരണ രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണം.

►ജനന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വോട്ട് ചെയ്യാനോ സ്കൂളിൽ പ്രവേശനം നേടാനോ വിവാഹ രജിസ്‌ട്രേഷൻ, സർക്കാർ ജോലി എന്നിവയ്ക്കായി അപേക്ഷിക്കാനോ സാധിക്കില്ല.

►ജനന സമയത്ത് രജിസ്റ്റർ ചെയ്യാനായില്ലെങ്കിൽ നിശ്ചിത ഫീസോടെയും ജില്ലാ രജിസ്ട്രാറുടെ കത്തോടെയും പിന്നീടു ചെയ്യാം.

►പ്രായനിർണയത്തിന് പ്രധാന തിരിച്ചറിയൽ രേഖയായിരിക്കും ജനന സർട്ടിഫിക്കറ്റ്

►ആശുപത്രിയിൽ നിന്ന് മരിച്ചയാളുടെ ബന്ധുവിന് മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോൾ അതിന്റെ ഒരു പകർപ്പ് രജിസ്ട്രാർക്കും നൽകണം. മരണം വീട്ടിലാണെങ്കിൽ ബന്ധുക്കൾ രജിസ്ട്രാറെ അറിയിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!