സൂര്യകാന്തി പ്രഭയിൽ തലശേരി ജഗന്നാഥ ക്ഷേത്രം

തലശേരി : സൂര്യകാന്തി പൂക്കൾ ശോഭ പടർത്തുകയാണ് തലശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ മുൻ ഭാഗത്താണ് കർണാടകത്തിലെ ഗുണ്ടൽപേട്ടിൽനിന്നെത്തിച്ച ആയിരത്തിയഞ്ഞൂറോളം സൂര്യകാന്തി പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള വിവിധ പൂച്ചെടികളും സസ്യങ്ങളും തീർത്ഥാടകരുടെ മനസും കണ്ണും കുളിർപ്പിക്കുന്ന കാഴ്‌ചയുടെ വിരുന്നൊരുക്കുകയാണ്.
ആയിരത്തിയഞ്ഞൂറ് ചെണ്ടുമല്ലി ചെടികളും വിരിയാനൊരുങ്ങിനിൽക്കുന്നു. സുഗന്ധം പരത്തി മുല്ലപ്പൂക്കളുമുണ്ട്. തെക്ക് ഭാഗത്തെ നാഗലിംഗമരത്തിലെ പൂക്കളും, അരളി, ചെത്തി, മല്ലിക, ശംഖുപുഷ്പം എന്നിവയും ഉദ്യാനത്തിന് ശോഭയേകുന്നു.
ക്ഷേത്രക്കുളത്തിന്റെ ശീതളിമയിൽ ഗുരുവിന്റെ പഞ്ചലോഹ പ്രതിമയുടെ ഇരുഭാഗങ്ങളിലും വെള്ളയും ചുവപ്പും താമരകളും വിരിഞ്ഞുനിൽക്കുന്നു. ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കുള്ള പൂജാ പുഷ്പങ്ങളും കറുകയുമൊക്കെ ഇവിടെ നട്ടുവളർത്തുന്നുണ്ട്.
ജ്ഞാനോദയം പ്രസിഡന്റ് അഡ്വ. കെ. സത്യനാണ് ക്ഷേത്രപരിസരം ഉദ്യാനമാക്കുന്നത്. കർണാടക സ്വദേശിയായ എം. ശിവയാണ് പൂന്തോട്ടം പരിപാലിക്കുന്നത്.