കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ കുഴല്‍പ്പണ വേട്ട ; ഒരുകോടിയിലേറെ രൂപയുമായി അഞ്ച് പേര്‍ അറസ്റ്റിൽ

ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വന്‍കുഴല്‍പ്പണ കടത്ത് എക്‌സൈസ് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു.
തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.ബാംഗ്ലൂരില്‍ നിന്നു തലശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ പണം അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു.
എക്സൈസിന്റെ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടേ മുക്കാലിനാണ് കൂട്ടുപുഴചെക്ക് പോസ്റ്റില്‍ കുഴല്‍പണം സഹിതം ഇവര്‍ പിടിയിലായത്.
ബംഗ്‌ളൂരില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്നപി.കെ ട്രാവല്‍സിലെ യാത്രക്കാരായ സെന്തില്‍കുമാര്‍(42) പളനി(42) വിഷ്ണു(20) ആര്‍.മുത്തു(42) സുധലി മുത്തു(38) എന്നിവരാണ് അറസ്റ്റിലായത്.
കെ. എല്‍ 51 എ. എ 1445-ബസില്‍ സംശയം തോന്നി എക്‌സൈസ് സംഘം യാത്രക്കാരെ പരിശോധിക്കുകയായിരുന്നു. തുണിയില്‍ പൊതിഞ്ഞു അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം.
തിരൂരിലെ സ്വര്‍ണവ്യാപാരിക്ക് നല്‍കാനാണ് കൊണ്ടുപോകുന്നതെന്നാണ് പിടിയിലായവര്‍മൊഴി നല്‍കിയത്. എന്നാല്‍ പിടിയിലായവര്‍ക്ക് ഇതിനു മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എക്‌സൈസ് പറയുന്നത്. കുഴല്‍പണവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി.