അഴീക്കോടന്‍ സ്മാരകം മായുമ്പോള്‍ ബാക്കിയാവുന്ന ചരിത്രം

Share our post

കണ്ണൂര്‍ :കണ്ണൂരിലെ ഒട്ടേറെ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തുടിച്ചുനില്‍ക്കുന്നത് ഇപ്പോഴൊരു കെട്ടിടമാണ്. ഇന്ന് നേതൃനിരയിലുള്ള ഒട്ടുമിക്ക സി.പി.എം നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയമായ ഒരിടമായിരുന്ന അഴീക്കോടന്‍ സ്മാരക മന്ദിരം എന്ന സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസാണ് ഈ കെട്ടിടം.

ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യത്തോടെയുള്ള നാലുനില കെട്ടിടം പണിയുന്നതിനായാണ് പാര്‍ട്ടി നേതൃത്വം പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിലെത്തിയത്. ഇന്ന് കണ്ണൂരിലെ പാര്‍ട്ടിയുടെ നേതാക്കളുടെയെല്ലാം രാഷ്ട്രീയജീവിതത്തിന് ഊടും പാവും നല്‍കിയത് അവര്‍ അഭിമാനത്തോടെ ‘ഡീസി’ എന്ന് വിളിക്കുന്ന ഈ കെട്ടിടത്തിലെ രാഷ്ട്രീയചര്‍ച്ചകളും സൗഹൃദങ്ങളും തന്നെയായിരിക്കും.

അതുകൊണ്ടുതന്നെയാണ് പൊളിക്കുന്നതിന് മുമ്പ് ഈ കെട്ടിടത്തിന് മുന്നില്‍ നിന്ന് ഒരു ഫോട്ടോ എടുത്ത് സമരതീക്ഷ്ണമായിരുന്ന ഓര്‍മകളെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത്.സി.പി.എം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍ 1972 സപ്തംബര്‍ 23-ന് തൃശൂരില്‍വെച്ച് കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനായി ഒരു വീട് നിര്‍മ്മിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തില്‍ നിന്നാണ് ഈ ഓഫീസിന്റെ പിറവിയും.

വീട് നിര്‍മ്മിച്ചുനല്‍കിയതിന് ശേഷം മിച്ചം വന്ന പണമാണ് സ്മാരകമന്ദിരം എന്ന ആശയത്തിനായി ഉപയോഗിച്ചത്. അതുവരെ നഗരത്തിലെ ഒരു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടി ജില്ലാകമ്മിററി ഓഫീസിനായി ഒരു കെട്ടിടം കണ്ടെത്താനും അതിന് അഴീക്കോടന്റെ പേരിടാനുമുള്ള തീരുമാനത്തില്‍ നേതൃത്വം എത്തിച്ചേര്‍ന്നു.

നഗരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തളാപ്പിലെ അക്കാലത്തെ വലിയ കെട്ടിടങ്ങളിലൊന്നായിരുന്നു ഇത്. മഹാകവി വള്ളത്തോളിന്റെ അടുത്ത സ്നേഹിതനായിരുന്ന വി. ഉണ്ണികൃഷ്ണന്‍ നായരുടെ കുടുംബസ്വത്തായിരുന്ന ഈ കെട്ടിടം അക്കാലത്ത് ഒരു ക്രിസ്ത്യന്‍ സഭയുടെ കൈവശമായിരുന്നു.

അവരില്‍നിന്നാണ് സി.പി.എം. നേതൃത്വം വാങ്ങുന്നത്. ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും കെട്ടിടവും 80,000 രൂപക്കായിരുന്നു പാര്‍ട്ടി വാങ്ങിയത്. എന്നാല്‍ കൊടുത്തുതീര്‍ക്കാന്‍ പണം തികയാതെ വന്നപ്പോള്‍ സ്ഥലത്തിന്റെ ഒരു ഭാഗത്തെ 20 സെന്റോളം ഒരു സ്വകാര്യവ്യക്തിക്ക് കൈമാറി മന്ദിരം പാര്‍ട്ടി ആസ്ഥാനമാക്കി.

ഇ.എം.എസിന്റെ അധ്യക്ഷതയില്‍ 1973 ഡിസംബര്‍ അഞ്ചിന് എ.കെ.ജിയായിരുന്നു മന്ദിരം ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ സി.പി.എമ്മിന് ആളും അര്‍ത്ഥവും കൊണ്ട് ഇന്നും എന്നും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ല തന്നെ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം കൊണ്ട പിണറായി പാറപ്രത്തെ ചരിത്രത്തിന്റെ പിന്‍ബലവും കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ നിരവധി സമരങ്ങളുടെയും അനവധി രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളുമുള്ള സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത് അനിഷേധ്യമായ കാര്യവുമായിരുന്നു.

തളാപ്പിലെ അഴീക്കോടന്‍ മന്ദിരത്തിന് വിളിപ്പാടകലെയായിരുന്നു കോണ്‍ഗ്രസിന്റെ ജില്ലാ ആസ്ഥാനമായ വലിയ കെട്ടിടവും. സി.പി.എമ്മുകാര്‍ക്ക് ഡീസിയും കോണ്‍ഗ്രസുകാര്‍ക്ക് ഡീസിസിയും എന്നത് എഴുപതുകള്‍ മുതല്‍ വര്‍ഷങ്ങളോളം ഏറ്റുമുട്ടലുകളുടെ കൂടി ചരിത്രം പേറുന്ന ആസ്ഥാനമന്ദിരങ്ങളാണ്. സി.പി.എമ്മില്‍ എം.വി. രാഘവനും കോണ്‍ഗ്രസില്‍ എന്‍. രാമകൃഷ്ണനും മുഖത്തോട് മുഖം നിന്ന് പോരടിച്ച സമരകാലം.

അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ രാഷ്ട്രീയം ഏറെ മാറി. എന്‍. രാമകൃഷ്ണന് ശേഷം എത്തിയ കെ. സുധാകരന്റെ കാലത്തും കോണ്‍ഗ്രസിന്റെ ഡി.സി.സി ഓഫീസ് വിവാദങ്ങളില്‍ പലതവണ കത്തിനിന്നു. കോണ്‍ഗ്രസുകാര്‍ നേരത്തെ തന്നെ ആ പഴയ മന്ദിരം പൊളിച്ച് ആധുനികമന്ദിരം പണിതിരുന്നു.

വര്‍ഷങ്ങളോളം മുടന്തിനീങ്ങിയ നിര്‍മ്മാണത്തിന് ഒടുവില്‍ സതീശന്‍ പാച്ചേനിയെന്ന യുവനേതാവിന് സ്വന്തം വീട് വരെ വിറ്റ് പണം കണ്ടെത്തേണ്ട അവസ്ഥ വന്നു. സംഘടനാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായ സതീശന്‍ പിന്നീട് ഈ ലോകത്തോട് തന്നെ യാത്രപറഞ്ഞു. സതീശനായി പുതിയൊരു വീടിന്റെ നിര്‍മ്മാണവഴിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

തളാപ്പിലെ രണ്ട് കെട്ടിടങ്ങളിലെയും രാഷ്ട്രീയം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ നേതാക്കള്‍ പലരും പലവഴിയിലൂടെ സഞ്ചരിച്ച് അവരുടേതായ പാദമുദ്രകള്‍ രേഖപ്പെടുത്തി. ബദല്‍രേഖയുമായി എം.വി.ആര്‍. സി.പി.എം വിടുന്നതും എന്‍. രാമകൃഷ്ണന്‍ സി.പി.എമ്മിന്റെ പിന്തുണയോടെ സ്വതന്ത്രനായി കെ. സുധാകരന് എതിരേ മത്സരിക്കുന്നതിനുമെല്ലാം ഈ കെട്ടിടങ്ങള്‍ മൂകസാക്ഷികളായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!