പുനരധിവാസകേന്ദ്രത്തിലെ ദുരിതജീവിതം: ആറളം ഫാമിലെ കഥ പറഞ്ഞ് ‘ആനേ കി സംഭാവന ഹേ”

കണ്ണൂർ : ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ മനുഷ്യരുടെ ജീവിതം ഡോക്യുമെന്ററിയാക്കി കരുവഞ്ചാൽ കൂളാമ്പി സ്വദേശി ജിബീഷ് ഉഷ ബാലൻ.ആറളം ഫാമിലെ പുനരധിവാസമേഖലയിൽ കഴിയുന്ന അയ്യായിരത്തിലധികം വരുന്നവരുടെ ജീവിതം ചിത്രീകരിക്കുന്ന ‘ആനേ കി സംഭാവന ഹേ’ എന്ന ഈ ചിത്രം ഈ വർഷത്തെ ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ഒഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
താൻ ഉൾപ്പെടുന്ന ഒരു വിഭാഗത്തിന്റെ ജീവിതമാണ് ഡോക്യുമെന്ററിയെന്ന് ബി.എസ്. സി വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻ‌് ജേർണലിസം ബിരുധദാരി കൂടിയായ ജിബീഷ് പറഞ്ഞു.കഴിഞ്ഞ 18 വർഷത്തിനിടയിൽ സ്കൂൾകുട്ടി ഉൾപ്പെടെ 14 ജീവനുകളാണ് ആറളം ഫാമിൽ കാട്ടാനകൾ അപഹരിച്ചത്.
ആനേ കീ സംഭാവനാ ഹേ എന്ന പേരും ഇതുമായി ബന്ധപ്പെട്ട് നൽകിയതാണ്.ആഗസ്ത് എട്ടിന് തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയിലാണ് 31 മിനുറ്റും 31 സെക്കന്റും ദൈർഘ്യമുള്ള ഡോക്യുമെന്ററി ആദ്യമായി പ്രദർശിപ്പിക്കുന്നത്.നജ്ജാ അബ്ദുൽ കരീമും ജിബീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.
ബിനോയ് പുലാക്കോട് (എഡിറ്റർ ),റിഥിൻ ഫർഹീൻ,ആൻലി ജോസഫ് (ക്യാമറ ) ഹാസിം ഉസ്മാൻ( അസോസിയേറ്റ് എഡിറ്റർ),വിഷ്ണു ദാസ് (മ്യൂസിക് ), നിധീഷ് ലോഹിതാക്ഷൻ (കളറിസ്റ്റ് ) പി .കെ.മഹേഷ് , ടിജോ തോമസ്, ശരത് പയ്യാവൂർ എന്നിവരും ചിത്രത്തിന് പിന്നിലുണ്ട്.
ആറളം ഫാമിൽ കഴിയുന്ന മനുഷ്യരുടെ മാത്രമല്ല ആദിവാസികൾ എന്ന പേരിൽ ജീവിക്കേണ്ടിവരുന്ന എല്ലാ മനുഷ്യർക്കും മുന്നേറ്റപരമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്- ജിബീഷ്