മഞ്ചേരി ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടി; പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനകേന്ദ്രമെന്ന് എൻ.ഐ.എ

Share our post

മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻ വാലി അക്കാദമിയിൽ എൻ.ഡി.എഫും, പി.എഫ്ഐയും ആയുധ പരിശീലനം നടത്തിയിരുന്നുവെന്ന് എൻ.ഐ.എ പറയുന്നു.

ഈ അക്കാദമി കെട്ടിടം ആദ്യം പി.എഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ (എൻഡിഎഫ്) കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. എൻ.ഐ.എ കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് അക്കാദമി കണ്ടുകെട്ടുന്നത്.

ആയുധപരിശീലനം, കായിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പി.എഫ്ഐയും ,എൻ.ഡി.എഫും ഈ കെട്ടിടവും പ്രദേശവും ഉപയോഗിച്ചിരുന്നതായും പി.എഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണിതെന്നും എൻ.ഐ.എ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ ആറാമത്തെ പി.എഫ്ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍.ഐ.എ കണ്ടുകെട്ടുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍.ഐ.എ നേരത്തെ കണ്ടുകെട്ടിയിരുന്നു.

അക്കാദമിയിലെ ലൈബ്രറിയില്‍നിന്ന് ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ടുകെട്ടൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!