ഏക സിവിൽകോഡ് സെമിനാർ മൂന്നിന് തലശേരിയിൽ

തലശേരി : ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മൂന്നിന് തലശേരി കോ –ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ’ വിഷയത്തിൽ വടവതി വാസു പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ വൈകിട്ട് നാലിന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മൊഈനലി ശിഹാബ് തങ്ങൾ, എൻ. അലി അബ്ദുള്ള, പി.കെ. ഉമ്മർ മൗലവി കോയ്യോട്, ധർമ ചൈതന്യ സ്വാമികൾ, ഫാദർ ഡോ. ജോസഫ് മുട്ടത്ത് കുന്നേൽ, കെ. ശാന്തകുമാരി എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, എം.വി. ജയരാജൻ, സി.എൻ. ചന്ദ്രൻ, കെ.പി. മോഹനൻ എം.എൽ.എ, അഡ്വ. പി.വി. സൈനുദ്ദീൻ, ഡോ. ഷീന ഷുക്കൂർ, അഡ്വ. പി.എം. സുരേഷ്ബാബു, കാസിം ഇരിക്കൂർ, അഡ്വ. മാത്യു കുന്നപ്പള്ളി, യു. ബാബു ഗോപിനാഥ് എന്നിവർ സംസാരിക്കും.
കർണാടക തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭോപ്പാലിൽ ചേർന്ന ബി.ജെ.പി യോഗത്തിലാണ് ഏക സിവിൽകോഡിനായുള്ള വാദം പ്രധാനമന്ത്രി അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് മത ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന അജൻഡയാണ് ഇതിനുപിന്നിൽ. ഭരണഘടനാ നിർമാതാക്കൾ രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യം ഉൾക്കൊണ്ടാണ് വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാൻ അനുവദിച്ചത്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ബുദ്ധ, ജൈന തുടങ്ങി വിവിധ മതവിഭാഗങ്ങൾക്കും ഗോത്ര സമൂഹങ്ങൾക്കും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, പാരമ്പര്യാവകാശം, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം എന്നിവയിലെല്ലാം വ്യത്യസ്തത പുലർത്തുന്ന വ്യവസ്ഥകളാണ് നിലവിലുള്ള വ്യക്തിനിയമങ്ങളിലുള്ളത്. ഒറ്റയടിക്ക് ഇതെല്ലാം അവസാനിപ്പിച്ച് ഏക നിയമം അടിച്ചേൽപിക്കുന്നത് സാമൂഹ്യമായി വലിയ പ്രത്യാഘാതം സൃഷ്ടക്കും. ഈ സാഹചര്യത്തിലാണ് ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്ന സെമിനാറിന് തലശേരി വേദിയാകുന്നത്. ജൂലൈ 19ന് നടത്താൻ നിശ്ചയിച്ച സെമിനാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മാറ്റിയത്.