വളര്‍ച്ചയുടെ പടവുകള്‍ കയറി തളിപ്പറമ്പ് കില ക്യാമ്പസ്

തളിപ്പറമ്പ്:വളര്‍ച്ചയുടെ പടവുകള്‍ കയറി തളിപ്പറമ്പ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം (കില ക്യാമ്പസ്). മികവിന്റെ കേന്ദ്രമാകുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന (സെന്റര്‍ ഫോര്‍ എക്‌സലന്‍സ്) കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ എം .എല്‍. എ നിര്‍വഹിച്ചു. ഉന്നത നിലവാരമുള്ള ക്ലാസുകളും പരിശീലനവും നല്‍കാനാണ് ക്യാമ്പസില്‍ അന്താരാഷ്ട്ര ട്രെയിനിങ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 4.25 കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിക്കുക. 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള തുക കണ്ടെത്തിയത്.
ഉത്തരവാദിത്തമുള്ള യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുന്നതിന് ജനാധിപത്യ പഠനം ഉറപ്പാക്കിയാണ് കിലയില്‍ മികവിന്റെ കേന്ദ്രമൊരുങ്ങുന്നത്. ഭരണനിര്‍വഹണ രംഗത്ത് ലോക പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗമാകും. അടുത്ത ഘട്ടത്തില്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള നേതാക്കള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമായി റസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രവും ക്യാമ്പസില്‍ ഒരുക്കും.
കഴിഞ്ഞ വര്‍ഷമാണ് കില ക്യാമ്പസിനെ അന്തരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി നേതൃ വികസന പഠനകേന്ദ്രമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നേതൃ പഠന കേന്ദ്രത്തിന് കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് (ഐ പി പി എല്‍ )എന്ന പേരില്‍ ബിരുദാനന്തര ബിരുദ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എം. എ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഡവലപ്‌മെന്റ്, പബ്ലിക് പോളിസി ആന്റ് ഡവലപ്‌മെന്റ്, ഡീ-സെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേര്‍ണന്‍സ് എന്നീ അന്താരാഷ്ട്രനിലവാരമുള്ള കോഴ്‌സുകളാണ് കോളേജില്‍ ആരംഭിച്ചത്. സാമൂഹ്യ വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷന്‍, ആസൂത്രണ വിഷയങ്ങളില്‍ ഗവേഷണത്തിനും പഠനത്തിനും സൗകര്യമൊരുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .പി ദിവ്യ മുഖ്യാതിഥിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി .പി ഷാജിര്‍(കല്യാശ്ശേരി), റോബര്‍ട്ട് ജോര്‍ജ്(ഇരിക്കൂര്‍), പി കെ പ്രമീള (എടക്കാട്), തളിപ്പറമ്പ് നഗരസഭ അധ്യക്ഷ മുര്‍ഷിത കൊങ്ങായി, ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി. മുകുന്ദന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി. എം സീന (കുറുമാത്തൂര്‍), കെ .പി രമണി (മലപ്പട്ടം), സുനിജ ബാലകൃഷ്ണന്‍ (ചപ്പാരപ്പടവ്), കെ. അജിത (മയ്യില്‍), കെ പി അബ്ദുല്‍ മജീദ് (കൊളച്ചേരി), പി. പി റജി (കുറ്റിയാട്ടൂർ), ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്‌നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി .പി ഷനോജ്, കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി ലക്ഷ്മണന്‍, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, പ്രിന്‍സിപ്പല്‍ പി .എം രാജീവ്, മുന്‍ പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍, ഐ. പി. പി എല്‍ ഡയറക്ടര്‍ എ അശോകന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.