കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം; 15,000 രൂപ വേതനം

Share our post

എടപ്പാൾ: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം. പ്രതിമാസം പരമാവധി 15,000 രൂപ വേതനം നൽകി അധ്യാപകരെ നിയമിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതിൽ പ്രതിഷേധം ശക്തമാവുകയാണ്.

തദ്ദേശസ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സര പദ്ധതിയിലെ വാർഷികപദ്ധതിയുടെ പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട സബ്‌.സി.ഡി, സഹായധനം എന്നിവ സംബന്ധിച്ച പരാമർശത്തിലാണ് കായികാധ്യാപകരെ നിയമിക്കാനുള്ള പുതിയ മാർഗരേഖയും ഉൾപ്പെടുത്തിയത്. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കായികാധ്യാപകരില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു അധ്യയനവർഷം പരമാവധി പത്തുമാസത്തേക്ക് പ്രതിമാസം 15,000 രൂപ വേതനത്തിൽ മാത്രം നിയമിക്കാമെന്നാണ് നിർദ്ദേശം. ഇതിനുള്ള അധികാരം പഞ്ചായത്തുകൾക്കാണ് നൽകിയിട്ടുള്ളത്.
ബി.പി.എഡ്‌, എം.പി.എഡ്‌. തത്തുല്യ യോഗ്യതയുള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കേണ്ടത്. കേരള സ്പോർട്‌സ് കൗൺസിൽ ശുപാർശയുടെകൂടി അടിസ്ഥാനത്തിലാണ് ഇവരുടെ യോഗ്യതയും വേതനവും തദ്ദേശസ്വയംഭരണ വകുപ്പ് നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. വനിതകളെ ജൂഡോ, കരാട്ടെ, യോഗ എന്നിവ പരിശീലിപ്പിക്കാനും ഇതേ മാനദണ്ഡം തന്നെയാണ് പാലിക്കേണ്ടത്.
കൂലിത്തൊഴിലാക്കുന്നതിൽ പ്രതിഷേധം

ശാസ്ത്രീയമായും കാലോചിതമായും തസ്തികാനിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കാതെ കേവലം കൂലിത്തൊഴിലായി കായികാധ്യാപക തസ്തികയെ മാറ്റാനുള്ള നീക്കമാണിതെന്ന് കായികാധ്യാപക സംഘടനകൾ ആരോപിച്ചു.

കായിക വിദ്യാഭ്യാസത്തിനായി നീക്കിവെച്ച സമയം മറ്റു പഠനപ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കുന്ന സർക്കാർതന്നെ കായികവിദ്യാഭ്യാസത്തെ പേരിനുള്ളതാക്കി മാറ്റാനുള്ള നീക്കം നടത്തുന്നതും പ്രതിഷേധാർഹമാണെന്നും കായികാധ്യാപകർ പറയുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!