അക്ഷരഗ്രാമത്തിന് അലങ്കാരമായി ഇനി ശിൽപവും അക്ഷരമുത്തശ്ശിയും

പയ്യന്നൂർ: ആദ്യ ജനകീയ സമ്പൂർണ സാക്ഷരത ഗ്രാമമായ ഏഴോംഗ്രാമത്തിന് അലങ്കാരമായി ഇനി അക്ഷരമുത്തശ്ശിയുടെ ശിൽപവും. പ്രശസ്ത ശിൽപി ഉണ്ണി കാനായിയാണ് അക്ഷരമുത്തശ്ശിയുടെ ശിൽപമൊരുക്കുന്നത്.
രണ്ടര അടി ഉയരമുള്ള പീഠത്തിൽ മുന്നര അടി ഉയരമുള്ള മുത്തശ്ശി ശിൽപം മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ പുസ്തകം വായിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തത്.
ഉണ്ണിയോടൊപ്പം നിർമാണ സഹായികളായത് ഷൈജിത്ത് കുഞ്ഞിമംഗലം, വി. വിനേഷ്, സി. സുരേശൻ എന്നിവരാണ്. നിർമാണം വിലയിരുത്താൻ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, സെക്രട്ടറി ഡി.എൻ. പ്രമോദ്, വി.ആർ.വി. ഏഴോം, കെ.പി. അനിൽകുമാർ, പി. സുലോചന, കെ.വി. രാജൻ എന്നിവർ കാനായിയിൽ ശിൽപ്പിയുടെ പണിപ്പുരയിലെത്തി. ഏഴോം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ രജത ജൂബിലി സ്മാരക ഉദ്ഘാടനത്തോടനുബന്ധിച്ച് അക്ഷരശിൽപം ഒ.വി. നാരായണൻ അനാച്ഛാദനം ചെയ്യും.