‘മകളേ മാപ്പ്’ പോസ്റ്റിന് കീഴില്‍ രൂക്ഷവിമര്‍ശനം; കമന്റിലൂടെ വിശദീകരണം നല്‍കി കേരള പോലീസ്

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെയ്‌സ്ബുക്ക് കമന്റിലൂടെ പോലീസിന്റെ വിശദീകരണം. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട ‘മകളെ മാപ്പ്’ എന്ന പോസ്റ്റിന് താഴെ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് കമന്റായി വിശദീകരണം നല്‍കിയിരിക്കുന്നത്.
കണ്ണീര്‍ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് എന്നതാണ് വിശദീകരണ കമന്റിലെ ആദ്യവരി. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് പരാതി ലഭിച്ചത് മുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നതായും കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കമന്റില്‍ പറയുന്നു.
പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസ് ഉദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നതെന്നും കേരള പോലീസ് കമന്റില്‍ പറയുന്നു.
ആലുവയില്‍ കാണാതായ അഞ്ചുവയസ്സുകാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കേരള പോലീസിന്റെ ഔദ്യോഗികപേജില്‍ ‘മകളെ മാപ്പ്’ എന്നുപറഞ്ഞുള്ള പോസ്റ്റിട്ടിരുന്നത്.