നാടിന്റെ നോവായി അഞ്ചുവയസ്സുകാരി; പഠിച്ച സ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനം

Share our post

ആലുവ: കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി ആലുവ. അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിക്കാണ് നാടൊന്നാകെ കണ്ണീരില്‍മുങ്ങി വിടചൊല്ലുന്നത്.

പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍.പി. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ നിരവധിപേരാണ് കുഞ്ഞിന് യാത്രാമൊഴി നല്‍കാനെത്തിയത്. സ്‌കൂളിലെ കുട്ടികളും അമ്മമാരും അധ്യാപകരും കുഞ്ഞിന്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി.

പല അമ്മമാരും ഏറെ വൈകാരികമായാണ് സംഭവത്തില്‍ പ്രതികരിച്ചത്. പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ രോഷപ്രകടനങ്ങളും പലരില്‍നിന്നുമുണ്ടായി.

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളില്‍ എത്തിയവര്‍

സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ പത്തുമണിയോടെ കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്‌കാരം. സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന വീട്ടില്‍ പൊതുദര്‍ശനം വേണ്ടെന്നുവെച്ചിരുന്നു.

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നതെന്നും കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കും അഞ്ചരമണിക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കരുതുന്നതെന്നും സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും റൂറല്‍ എസ്.പി. വ്യക്തമാക്കി.

രാത്രി 9.30-ഓടെ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, പിടികൂടിയസമയത്ത് മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യാനായില്ലെന്നും എസ്.പി. പറഞ്ഞു.

അതിനിടെ, പ്രതിയായ അസ്ഫാഖ് ആലം രണ്ടരവര്‍ഷം മുന്‍പ് കേരളത്തിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവയിലെ ബീവറേജസ് ഔട്ട്‌ലെറ്റിലെത്തി മദ്യംവാങ്ങിയ ഇയാള്‍ മറ്റുചിലരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിയെ ഞായറാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകളാകും പ്രതിക്കെതിരേ ചുമത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!